രാജ്യത്ത് ബാങ്കുകളില്‍ അടക്കം അവകാശികളില്ലാതെ കെട്ടികിടക്കുന്നത് 82,025 കോടി രൂപ

0
229

മുംബൈ: അവകാശികള്‍ ഇല്ലാതെ രാജ്യത്തെ ബാങ്ക് അക്കൗണ്ടുകളിലും പ്രൊവിഡന്റ് ഫണ്ടിലും മ്യൂച്വല്‍ ഫണ്ടുകളിലും ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലുമായി കെട്ടികിടക്കുന്നത്  82,025 കോടി രൂപയെന്ന് കണക്കുകള്‍. ഇക്കണോമിക് ടൈംസ് ആണ് ഈ കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്തെ ബാങ്കുകളില്‍ മാത്രം 18,381 കോടി രൂപയാണ് ഉടമകള്‍ ഇല്ലാതെ കിടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.  ഓരോ വര്‍ഷവും ഇത് കൂടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ബാങ്കുകളിലെ 18,381 കോടി രൂപയാണ് നിഷ്‌ക്രിയ ബാങ്ക് അക്കൗണ്ടുകളിലാണ് കിടക്കുന്നത്. മിക്കപ്പോഴും അക്കൗണ്ട് ഉടമയുടെ മരണത്തെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിലച്ച അക്കൗണ്ടുകളാണ്. പിന്തുടര്‍ച്ച അവകാശിക്ക് ഈ നിക്ഷേപത്തെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതാണ് ഇവ അനാഥമായി പോകുവാന്‍ ഒരു കാരണം. രണ്ട് വര്‍ഷത്തിലധികം ഇടപാടുകള്‍ നടക്കാത്ത സേവിങ്സ് ബാങ്ക് അക്കൗണ്ടുകളും നിഷ്‌ക്രിയ അക്കൗണ്ടുകളായി കണക്കാക്കും. ഇത്തരത്തില്‍ മാത്രം 4.75 കോടി സേവിങ്സ് ബാങ്ക്സ് അക്കൗണ്ടുകള്‍ രാജ്യത്തുണ്ടെന്നാണ് കണക്കുകള്‍. ഈ അക്കൗണ്ടുകളില്‍ മാത്രം 12,000 കോടി രൂപയാണ് ഉള്ളത്.

അതേ സമയം ഇത്തരം നിക്ഷേപങ്ങള്‍ അതിന്‍റെ അവകാശിക്ക് തിരിച്ചറിയല്‍ രേഖകള്‍, അക്കൗണ്ട് ഉടമയുടെ മരണ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കി ബാങ്കില്‍ നിന്നും സ്വന്തമാക്കാം. അതേ സമയം അവകാശിയായി പ്രഖ്യാപിക്കാത്ത പിന്തുടര്‍ച്ചക്കാരന് 25,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപം സ്വന്തമാക്കണമെങ്കില്‍ കോടതിയില്‍ നിന്നും പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കേണ്ടിവരും. എന്നാല്‍ പത്ത് വര്‍ഷത്തോളം ഇത്തരം അക്കൗണ്ടുകള്‍ നിഷ്ക്രിയമായി നിന്നാല്‍ അതിലെ നിക്ഷേപം ബാങ്കുകള്‍ നിക്ഷേപ ബോധവത്കരണ ഫണ്ടിലേക്ക് മാറ്റും.

പ്രൊവിഡന്റ് ഫണ്ടിലാണ് ഇത്തരത്തില്‍ ഉടമകള്‍ എത്താത്ത ഏറ്റവും അധികം പണം കിടക്കുന്നത്.  26,497 കോടി രൂപ വരും ഇത്. ചിലര്‍ പിഎഫ് നിക്ഷേപത്തെ കുറിച്ച് തന്നെ മറന്നുപോയതായിരിക്കും. ചിലര്‍ മരണപ്പെട്ടതാകും. അത്തരത്തില്‍ കൈപ്പറ്റാത്ത ലാഭവിഹിതം 4,100 കോടി രൂപയാണ് പിഎഫ് നിക്ഷേപങ്ങളില്‍ ഉള്ളത്. അതേ സമയം സാങ്കേതിക കാരണങ്ങളാല്‍ തങ്ങളുടെ പിഎഫ് അക്കൗണ്ടുകള്‍ ക്ലൈം ചെയ്യാന്‍ സാധിക്കാത്തവരും ഉണ്ട്.

17,880 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ ഇപ്പോള്‍ ഉടമകളില്ലാതെ കിടക്കുന്നത്. ബന്ധുക്കള്‍ അറിയാതെ എടുത്ത ഇന്‍ഷുറന്‍സ് പോളിസികളാണ് മിക്കപ്പോഴും ഇങ്ങനെ ക്ലെയിം ചെയ്യപ്പെടാതെ പോകുന്നത്. ചിലപ്പോള്‍ ബന്ധുക്കള്‍ മറന്നുപോകുന്ന സംഭവങ്ങളും ഉണ്ട്. 15,167 കോടി രൂപയാണ് ഇന്‍ഷുറന്‍സ് പോളിസികളുടെ പേരില്‍ അവകാശികള്‍ ഇല്ലാതെ കിടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഒരു വ്യക്തി മരിച്ചാലും പോളിസി നമ്പറും, പോളിസി ഉടമയുടെ ജനനതീയതിയും, പാന്‍ കാര്‍ഡ് നമ്പറും ഉണ്ടെങ്കില്‍ ഇന്‍ഷൂറന്‍സ് പോളിസി വിവരങ്ങള്‍ ഇന്‍ഷൂറന്‍സ് കമ്പനി സൈറ്റില്‍ നിന്നും അറിയാന്‍ സാധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here