കിറ്റെക്സിന് വൻ തിരിച്ചടി; കുതിച്ചുയർന്ന ഓഹരി വിപണി കൂപ്പുകുത്തി

0
146

തെലുങ്കാനയില്‍ നിക്ഷേപം നടത്താനുള്ള തീരുമാനത്തിന് പിന്നാലെ ഓഹരിവിപണിയില്‍ നാല് ദിവസം കുതിച്ച കിറ്റെക്‌സിന് അഞ്ചാം ദിവസത്തില്‍ തിരിച്ചടി. വ്യാഴാഴ്ച രാവിലെ 217.80 രൂപക്ക് വ്യാപാരം തുടങ്ങിയ കിറ്റെക്‌സ് 223.90 രൂപ വരെ ഉയര്‍ന്നെങ്കിലും പിന്നീട് വിലയിടിഞ്ഞ് 183.65 രൂപയിലാണ് ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ വീണ്ടും ഇടിഞ്ഞ് 173.65 രൂപയിലാണ്‌ വ്യാപാരം നടക്കുന്നത്.

കമ്പനിയുടെ വന്‍കിട നിക്ഷേപകരില്‍ രണ്ടുപേര്‍ ബള്‍ക്ക് വില്‍പനയിലൂടെ 12 ലക്ഷം ഓഹരികള്‍ വിറ്റഴിച്ചിരുന്നു. വ്യാഴാഴ്ച വിപണിയില്‍ കൈമാറ്റം ചെയ്യപ്പെട്ടത് കിറ്റെക്സിന്റെ 168.51 കോടി രൂപ മൂല്യം വരുന്ന 85.91 ലക്ഷം ഓഹരികളാണ്. ഇതില്‍ 29.07 ലക്ഷം ഓഹരികള്‍ക്ക് മാത്രമാണ് ഡെലിവറി വാങ്ങലുകള്‍ ഉണ്ടായത്. 56.84 ലക്ഷം ഓഹരികള്‍ വിറ്റഴിക്കപ്പെട്ടു. ഇതിലൂടെ വിപണി മൂല്യത്തില്‍ 156.78 കോടിയുടെ നഷ്ടമാണ് കമ്പനിക്ക് സംഭവിച്ചത്.

മൂന്നുദിവസങ്ങളില്‍ തുടര്‍ച്ചയായി അപ്പര്‍ പ്രൈസ് ബാന്‍ഡില്‍ എത്തിയതോടെ ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്റെ ഓണ്‍ലൈന്‍ സര്‍വെയ്‌ലന്‍സ്‌ വിഭാഗം കിറ്റെക്സിനോട് വിശദീകരണം ചോദിച്ചിരുന്നു. തെലങ്കാനയില്‍ നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കാരണമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. തുടര്‍ച്ചയായി രണ്ടു ദിവസം 20 ശതമാനവും സ്റ്റോക് എക്സ്ചേഞ്ചിന്റെ നിരീക്ഷണം തുടങ്ങിയതില്‍ പിന്നെ 10 ശതമാനവുമാണ് അപ്പര്‍ പ്രൈസ് ബാന്‍ഡില്‍ ഓഹരി നിന്നത്.

കേരളം വ്യവസായ സൗഹൃദമല്ലെന്ന് ആരോപിച്ചാണ് സാബു ജേക്കബ് കേരളത്തില്‍ തുടങ്ങാനിരുന്ന 3500 കോടിയുടെ പദ്ധതി ഉപേക്ഷിച്ച് തെലുങ്കാനയിലേക്ക് പോയത്. കേരളത്തിലെ പോലെ യാതൊരു അനാവശ്യ പരിശോധനകളും ഉണ്ടാവില്ലെന്ന് തെലുങ്കാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി സാബു പറഞ്ഞിരുന്നു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here