സമരത്തിനില്ലെന്നു വ്യാപാരികൾ; കടകൾ തുറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിക്കും

0
209

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി. എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തി. പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ പറഞ്ഞു.

അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രത്യക്ഷ സമരത്തിനില്ലെന്നും വ്യാപാരികള്‍ വ്യക്തമാക്കി. കടകൾ തുറക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രഖ്യാപനമുണ്ടാകും. ഇതിനു ശേഷമാകും തുടര്‍ നടപടികള്‍ സ്വീകരിക്കുക.

ബക്രീദിന് വ്യാപാരികൾക്ക് അനുകൂലമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഓണം വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചു. വൈദ്യുതി ചാര്‍ജ്ജ്, സെയില്‍സ് ടാക്‌സി, ജി.എസ്.ടി അപാകതകള്‍, ക്ഷേമനിധി സംബന്ധിച്ച വിഷയങ്ങള്‍ എന്നിവയില്‍ പരിഹാരമുണ്ടാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് വ്യാപാരികള്‍ അറിയിച്ചു.

അതേസമയം, വ്യാപാരികളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ കൂട്ടിച്ചേര്‍ത്തു. വ്യാപാരികളുടെ സെക്രട്ടേറിയറ്റ് യോഗം തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍ നിലപാടെടുത്തതോടെ വ്യാപാരികളും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രശ്നപരിഹാരത്തിന്‍റെ ഭാഗമായി ചര്‍ച്ച നടന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here