മഞ്ചേശ്വരം താലൂക്കിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ ഉടൻ നികത്തണം; ജില്ലാ പഞ്ചായത്തംഗം റഹ്മാൻ ഗോൾഡൻ വിദ്യഭ്യാസ മന്ത്രിക്ക് നിവേദനം നൽകി

0
188

ഉപ്പള: പുതിയ അധ്യായന വർഷം ആരംഭിച്ച സാഹചര്യത്തിൽ മഞ്ചേശ്വരം താലൂക്കിലെ പിന്നോക്കാവസ്ഥ പ്രത്യേകം പരിഗണിച്ച് മുഴുവൻ വിദ്യാലയങ്ങളിലെയും അധ്യാപക ഒഴിവുകൾ ഉടൻ നികത്തണമെന്ന് ജില്ലാ പഞ്ചായത്തംഗം റഹ്മാൻ ഗോൾഡൻ വിദ്യഭ്യാസ മന്ത്രിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു.

ഡിജിറ്റൽ ക്ലാസ് മുറികൾ വഴി പഠനം രണ്ടാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോഴും മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന തീരദേശങ്ങളിലെ സ്കൂളുകൾ ഉൾപ്പെടെ നിരവധി ഹയർസെക്കൻഡറി സ്കൂളുകളിൽ പല വിഷയങ്ങളിലും ആവശ്യത്തിന് നിലവിൽ അധ്യാപകരില്ലാത്തത് അത്യന്തം പ്രയാസകരമാണ്.

കൈറ്റ് വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ ക്ലാസുകൾക്ക് പുറമേ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നേരിട്ട് സംവദിക്കാൻ അവസരം നൽകുന്ന വിദ്യാഭ്യാസ സമ്പ്രദായം നിലവിൽവരുമെന്ന് പ്രഖ്യാപിക്കുമ്പോഴും വേണ്ടത്ര അധ്യാപകർ ഇല്ലാത്തത് ഏറിയകൂറും ദളിത് പിന്നോക്ക മത്സ്യത്തൊഴിലാളികളുടെ മക്കൾ പഠിക്കുന്ന ഈ നിയോജകമണ്ഡലത്തെ കുഴക്കുന്നു. ഇത് നിർധന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പഠനം സാധ്യമാവാത്ത രീതിയിലേക്ക് ചെന്നെത്തിക്കുന്നതായും പഠനം ഓൺലൈനിലായി നടക്കുന്നതെങ്കിലും പഠനങ്ങളുടെ തുടർ പ്രവർത്തനത്തിന് അധ്യാപകർ നിർബന്ധമാണ് എന്ന വസ്തുത നിലനിൽക്കെ അധ്യാപകരുടെ പി.എസ്.സി മുഖേനയുള്ള നിയമനം ഉടൻ നടപ്പിലാക്കി അധ്യാപക ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ചരിത്രപരമായ കാരണങ്ങളാൽ പഠന പിന്നോക്കം നിൽക്കുന്ന മഞ്ചേശ്വരം പോലുള്ള പ്രദേശത്ത് ഭാവി തലമുറ വിദ്യാഭ്യാസരംഗത്ത് ഇരുട്ടിൽ തപ്പുന്ന സാഹചര്യമാണുണ്ടാവുകയെന്നും റഹ്മാൻ ഗോൾഡൻ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

ജി എച്ച്.എസ്.എസ് ഉപ്പള, ജി.എച്ച്.എസ്.എസ് ബേക്കൂർ, ജി.വിഎച്ച്.എസ് ഹേരൂർ അടക്കമുള്ള സ്‌കൂളുകളിലാണ് വിവിധ വിഷയങ്ങളിലാണ് അധ്യാപകരുടെ ഒഴിവുകൾ ഏറെയും. ഹയർസെക്കൻഡറി സ്കൂളുകളിൽ ആർ.ഡി.ഡി മുഖാന്തിരം ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായോ മറ്റോ അധ്യാപകരെ നിയമിക്കണമെന്നാണ് റഹ്മാൻ ഗോൾഡൻ നിവേദനത്തിൽ ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here