ബി.ജെ.പിയ്‌ക്കെതിരെ വീണ്ടും കുഴല്‍പ്പണ ആരോപണം; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാസര്‍ഗോഡ് നിന്ന് ബത്തേരിയില്‍ എത്തിച്ചത് ഒന്നരക്കോടിയുടെ കുഴല്‍പ്പണമെന്ന് റിപ്പോര്‍ട്ട്

0
187

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ എന്‍.ഡി.എയുടെ പ്രചാരണത്തിന് ഒന്നേകാല്‍ കോടി രൂപയെത്തിച്ചതായി റിപ്പോര്‍ട്ട്.

മാര്‍ച്ച് 24 ന് കാസര്‍ഗോഡ് നിന്നാണ് പണം എത്തിച്ചതെന്നാണ് വിവരം. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് ചെലവുകള്‍ സംബന്ധിച്ച ബി.ജെ.പിയുടെ എക്സല്‍ ഷീറ്റില്‍ മാര്‍ച്ച് 20ന് മംഗലാപുരം യാത്രയ്ക്ക് 30,000 രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് മംഗലാപുരത്തേക്കായിരുന്നില്ലെന്നും കാസര്‍ഗോട്ടേക്ക് ആയിരുന്നുവെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.

രണ്ടു ജില്ലാ നേതാക്കള്‍ രണ്ടു കാറുകളിലായിട്ടാണ് യാത്ര നടത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച വാഹനം തന്നെയാണ് ഇതിനായും ഉപയോഗിച്ചത്.

തുടര്‍ന്ന് കാസര്‍ഗോഡ് ബി.ജെ.പി ഓഫീസിലെത്തിയ ഈ നേതാക്കള്‍ അവിടെ നിന്ന് 50 ലക്ഷം രൂപയുമായി മടങ്ങിയെന്നും പിന്നാലെ കൊടകര മോഡലില്‍ ബാക്കി പണം എത്തിച്ചുവെന്നുമാണ് വിവരം.

ഇതില്‍ 25 ലക്ഷം രൂപ തെരഞ്ഞെടുപ്പ് ചെലവിനായി സ്ഥാനാര്‍ത്ഥിക്ക് കൈമാറിയെന്നും ബാക്കി പണം ചെലവാക്കിയത് ബി.ജെ.പി തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പണം ചെലവഴിക്കുന്നതില്‍ ഒന്നോ രണ്ടോ നേതാക്കള്‍ക്ക് മാത്രമാണ് ചുമതല നല്‍കിയിരുന്നത്.

അതേസമയം കൊടകര കുഴല്‍പ്പണ കേസിലും ബി.ജെ.പിക്ക് കുരുക്ക് മുറുകുകയാണ്. കൊടകര കുഴല്‍പ്പണ കവര്‍ച്ചാക്കേസിലെ പ്രതികള്‍ തൃശ്ശൂര്‍ ബി.ജെ.പി. ഓഫീസില്‍ എത്തിയെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പ്രതികളായ ദീപക്, രഞ്ജിത്ത് എന്നിവരാണ് തൃശ്ശൂര്‍ പാര്‍ട്ടി ഓഫീസില്‍ എത്തിയത്.

ഇവരെ നേതാക്കള്‍ വിളിച്ചുവരുത്തിയതാണോയെന്ന് അന്വേഷിക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.

കൊടകര കുഴല്‍പ്പണ കേസിന് പുറമെ ജെ.ആര്‍.പി. നേതാവ് സി. കെ ജാനുവിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ 10 ലക്ഷം രൂപ നല്‍കി എന്നതുള്‍പ്പെടയുള്ള പണമിടപാട് കേസുകളും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും എന്‍.ഡി.എയുടെ ഭാഗമാവുന്നതിനുമായി 10 ലക്ഷം രൂപ സി.കെ ജാനുവിന് കെ. സുരേന്ദ്രന്‍ നല്‍കിയെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീതയായായിരുന്നു വെളിപ്പെടുത്തിയത്.

ഇതിന് പിന്നാലെ പ്രതികരണവുമായി സി. കെ ജാനു രംഗത്തെത്തിയിരുന്നു. അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും പാര്‍ട്ടി പിടിച്ചടക്കാനുള്ള നടപടിയാണിതെന്നുമാണ് സി. കെ ജാനു പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here