ലോക്ഡൗൺ ഇളവുകൾ പ്രകാരം ഫുട്‌ബോള്‍ കളി അനുവദനീയമല്ലെന്ന് ജില്ലാ ഭരണകൂടം

0
309

കാസര്‍കോട് (www.mediavisionnews.in) : സംസ്ഥാന സര്‍ക്കാറിന്റെ ലോക്ഡൗണ്‍ ഇളവുകള്‍ പ്രകാരം ഫുട്‌ബോള്‍ കളി അനുവദനീയമല്ലെന്ന് കൊറോണ ഐ.ഇ.സി കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി. സജിത് ബാബു അറിയിച്ചു. ജില്ലയില്‍ പലയിടത്തും ഫുട്‌ബോള്‍ കളി നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പരസ്പര സമ്പര്‍ക്കമില്ലാതെയുള്ള കായിക പരിശീലനത്തിനാണ് സര്‍ക്കാര്‍ അനുമതിയുള്ളത്. ഫുട്‌ബോള്‍ അടക്കമുള്ളവ പാടില്ലെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം നിലനില്‍ക്കെയാണ് ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പടെ കളികള്‍ നടക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നത് പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം കുറ്റകരമാണ്. ലോക് ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും സംബന്ധിച്ച നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ പൊതുജനങ്ങള്‍ തയ്യാറാകണം.

കോവിഡ് ബോധവത്കരണത്തിനായി ഐ.ഇ.സി തയ്യാറാക്കിയ ഹ്രസ്വ വീഡിയോകള്‍ക്കും ഡിജിറ്റല്‍ പോസ്റ്ററുകള്‍ക്കും എല്ലാ ജീവനക്കാരും പ്രചാരം നല്‍കണമെന്ന് യോഗാധ്യക്ഷനായ കളക്ടര്‍ അറിയിച്ചു. എല്ലാ വകുപ്പ് മേധാവികളും ജീവനക്കാരും എസ്.സിഎസ്.ടി പ്രൊമോട്ടര്‍മാരുമുള്‍പ്പെടെ പ്രചാരണത്തിന് മുന്‍കൈയെടുക്കണം. വാക്‌സിനേഷനും കോവിഡ് പരിശോധനയും വര്‍ധിപ്പിക്കുന്നതിനും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ അവബോധം വളര്‍ത്തുന്നതിനും ജില്ലാ മാസ് മീഡിയ വിഭാഗം വിവിധ ഭാഷകളില്‍ ഹ്രസ്വ ചിത്രങ്ങള്‍ തയ്യാറാക്കി. സാമൂഹ്യ സുരക്ഷാ മിഷന്‍ നേതൃത്വത്തില്‍ തമിഴ്, ബംഗാളി, ഹിന്ദി ഭാഷകളിലെ പോസ്റ്റര്‍ പ്രചാരണം നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

എ.ഡി.എം അതുല്‍ എസ്. നാഥ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ലത്തീഫ്, ഡപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സയന എസ്,മാഷ് ജില്ലാ കോര്‍ഡിനേറ്റര്‍ പി.ദിലീപ് കുമാര്‍, മാഷ് കോര്‍ഡിനേറ്റര്‍ പി.സി.വിദ്യ, തുളു അക്കാദമി ചെയര്‍മാന്‍ ഉമേഷ് സാലിയാന്‍, കെ.എസ്.എസ്.എം ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ്, ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ പ്രേമരാജന്‍, ഐ.സി.ഡി.എസ് ഹെഡ് അക്കൗണ്‍ന്റ് രജീഷ് കൃഷ്ണ, അസിസ്റ്റന്റ് എഡിറ്റര്‍ പി.പി.വിനീഷ്, എ ഐ ഒ ജി.എന്‍.പ്രദീപ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here