പ്രതിക്കൂട്ടില്‍ എലി, സഹായത്തിന് അഭിഭാഷകന്‍, വിചിത്രമായ ഒരു കോടതിക്കഥ!

0
271

വിളകള്‍ നശിപ്പിച്ചതിന് എലികളെ  കോടതി കയറ്റുന്നത് സങ്കല്‍പ്പിക്കാനാവുമോ? ഇല്ല. എന്നാല്‍, മധ്യകാലഘട്ടത്തിലെ യൂറോപ്പില്‍ അത്തരം സംഭവങ്ങള്‍ നടന്നിരുന്നു. എലികള്‍ കോടതി കയറുക മാത്രമല്ല, അവയ്ക്കു വേണ്ടി വാദിക്കാന്‍ അഭിഭാഷകരെയും വെച്ചിരുന്നു. നിയമചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ അത്തരമൊരു സംഭവമാണ് ഇനി പറയുന്നത്.

ഫ്രാന്‍സിലെ ഒരു ചെറിയ ഗ്രാമമാണ് ഓട്ടൂണ്‍. 1508-ല്‍ ഗ്രാമം ഒരു വലിയ പ്രശ്നത്തെ നേരിട്ടു. വേറെയൊന്നുമല്ല, കര്‍ഷകര്‍ കഷ്ടപ്പെട്ട് വിളവെടുത്ത ബാര്‍ലിയെല്ലാം എലികള്‍ തിന്നു തീര്‍ക്കുന്നു. ഇത് പതുക്കെ ക്ഷാമത്തിനും, ദാരിദ്ര്യത്തിനും വഴിവെക്കുന്നു.

ഈ കുട്ടിപ്പടയെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നാട്ടുകാര്‍ക്ക് ഒരെത്തും പിടിയും കിട്ടിയില്ല. എലികള്‍ പിശാചിന്റെ പ്രതിരൂപങ്ങളാണെന്ന് നാട്ടുകാരും മത പുരോഹിതന്മാരും ഒരുപോലെ വിശ്വസിച്ചിരുന്ന കാലമായിരുന്നു അത്. അതുകൊണ്ട് തന്നെ, എലികളെ അങ്ങനെ വെറുതെ വിടാന്‍ ആരും തയ്യാറായില്ല. ഒടുവില്‍ ഈ പ്രശ്‌നത്തിന് നാട്ടുകാര്‍ ചേര്‍ന്ന് ഒരു പ്രതിവിധി കണ്ടെത്തി, കേസ് കൊടുക്കുക.

 

 

അങ്ങനെ സഭയുടെ കീഴിലുളള കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ബാര്‍ലി വിളകള്‍ തിന്നുകയും നശിപ്പിക്കുകയും ചെയ്യുന്നു എന്നതായിരുന്നു കുറ്റം. വിചാരണക്കായി നാട്ടുകാരും കോടതിയും ഒരുങ്ങി.

മൃഗങ്ങളാണ് പ്രതികളെങ്കിലും നിയമം നിയമമാണ്. തുല്യനീതിക്കുള്ള അര്‍ഹത അവയ്ക്കുമുണ്ട്. മനുഷ്യരുടെ കോടതി എത്തിപ്പെടാവുന്ന സ്വജനപക്ഷപാതം ഒഴിവാക്കാനായി എലികള്‍ക്ക് ഒരു അഭിഭാഷകനെ വെക്കാന്‍ തീരുമാനമായി. ന്യായാധിപനായ ബിഷപ്പ് എലികള്‍ക്ക് വേണ്ടി വാദിക്കാന്‍ ഒരു വക്കീലിനെ നിയമിച്ചു. ബാര്‍ത്തലെമി ഡി ചാസെനൂസ് എന്നായിരുന്നു മിടുക്കനായ ആ അഭിഭാഷകന്റെ പേര്.

അങ്ങനെ വിചാരണ തുടങ്ങി. സ്വാഭാവികമായും ഒരൊറ്റ എലിയും കോടതിയില്‍ എത്തിയില്ല. കക്ഷികള്‍ എവിടെ എന്ന് അഭിഭാഷകനോട് കോടതി ചോദിച്ചു.

ഒന്നും, രണ്ടുമല്ല ആയിരക്കണക്കിന് എലികളാണ് തന്റെ കക്ഷികള്‍ എന്നദ്ദേഹം കോടതിയെ ബോധിപ്പിച്ചു. കോടതി വക സമന്‍സ് എല്ലാ എലികള്‍ക്കും കിട്ടിക്കാണില്ല എന്നും അദ്ദേഹം വാദിച്ചു.

ശരിയാണ്, കോടതി ഈ വാദം അംഗീകരിച്ചു. എല്ലാ എലികള്‍ക്കും നോട്ടീസ് അയക്കാന്‍ ഉത്തരവായി. അതു കഴിയും വരെ വിചാരണ നടപടികള്‍ നീട്ടിവെച്ചു.

ഇപ്രാവശ്യം ഗ്രാമത്തിലെ എല്ലാ പള്ളികളില്‍നിന്നും സമന്‍സ് വായിക്കപ്പെട്ടു. എല്ലാ എലികളും അതറിയും എന്ന് കോടതി അനുമാനിച്ചു.

അടുത്ത വിചാരണവേള വന്നു. അന്നും എലികളുടെ പൊടി പോലുമില്ലായിരുന്നു.

”സമന്‍സ് അയച്ചിട്ടും കക്ഷികളില്ല. എവിടെ നിങ്ങളുടെ കക്ഷികള്‍?”

കോടതി പ്രതിഭാഗം അഭിഭാഷകനോട് ചോദിച്ചു. അതിന് അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നു.

”ഭയം, യുവറോണര്‍”-അദ്ദേഹം പറഞ്ഞു. ”പൂച്ചകളും, നായ്ക്കളും സൈ്വര്യവിഹാരം നടത്തുന്നിടത്ത് തന്റെ കക്ഷികള്‍ എന്ത് ധൈര്യത്തിലാണ് പുറത്തിറങ്ങി കോടതിയില്‍ വരിക. അവയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ നമുക്ക് കഴിയുമോ? ”

ശരിയാണല്ലോ, പറയുന്നതില്‍ കാര്യമുണ്ട്, ജഡ്ജി അംഗീകരിച്ചു. അദ്ദേഹം കേസ് ഒരിക്കല്‍ കൂടി നീട്ടിവെച്ചു.

കഥ കഴിഞ്ഞു. കാരണം, പിന്നീട് എന്താണ് സംഭവിച്ചതെന്നതിന്റെ രേഖകള്‍ നിര്‍ഭാഗ്യവശാല്‍ ലഭ്യമായില്ല. അതിനാല്‍, വിചിത്ര വാദങ്ങളുടെയും അതിലെ നീതിയുക്തമായ യുക്തിഭദ്രതയുടെയും പേരില്‍ ഈ കേസ് നിയമചരിത്രത്തില്‍ എന്നും ഓര്‍മ്മിക്കപ്പെടുന്നു.

ഇതുകൊണ്ട് ഗുണമുണ്ടായത് വക്കീലിനാണ്. ഫ്രാന്‍സിലെങ്ങും മികച്ച നിയമജ്ഞനെന്ന നിലയില്‍ പേരെടുക്കാന്‍ ഈ കേസ് ബാര്‍ത്തലെമിയെ സഹായിച്ചു എന്നാണ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here