കാമുകിയെ 10 വർഷം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവം; കേസെടുത്ത് വനിതാ കമ്മീഷൻ

0
287

പാലക്കാട്: തന്റെ പ്രണയിനിയായ യുവതിയെ 10 വർഷക്കാലം റഹ്‌മാൻ എന്നയാൾ വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തിൽ കേസെടുത്ത് സംസ്ഥാന വനിതാ കമ്മീഷൻ. ഉണ്ടായ ഈ വിഷയത്തിൽ വനിതാ കമ്മീഷൻ നെന്മാറ പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി വ്യക്തമാക്കി.

പ്രണയത്തിന്റെ പേരിലാണെങ്കിൽ പോലും 10 വർഷം മുറിക്കുള്ളിൽ അടച്ചിടപ്പെട്ട സജിതയുടെ മാനസികവും ശാരീരികവും ആയ ആരോഗ്യാവസ്ഥയെക്കുറിച്ച് ആശങ്കയുണ്ട്. ഈ നാളുകളിൽ ഇവർക്ക് മതിയായ ഭക്ഷണം പോലും ലഭിച്ചിരുന്നില്ല എന്നുവേണം കരുതാൻ. സജിതയുടെ ഫോട്ടോയും വിഡിയോയും കാണുമ്പോൾ അങ്ങനെയാണ് മനസ്സിലാകുന്നത്. ഷിജി ശിവജി പറയുന്നു. ഒരു മലയാള മാദ്ധ്യമത്തിന്റെഓൺലൈൻ വിഭാഗത്തിനോട് വനിതാ കമ്മീഷൻ അംഗം ഇക്കാര്യം പറഞ്ഞത്.

ലോക്ക്ഡൗൺ കാലയളവിൽ പോലും വീട്ടിലിരിക്കാൻ സാധാരണകാർക്ക് കഴിഞ്ഞിരുന്നില്ല. നീണ്ട 10 വർഷങ്ങളാണ് സജിത മുറിക്കുള്ളിൽ തന്നെ കഴിഞ്ഞത്. വേണ്ടത്ര സൂര്യപ്രകാശം പോലും ലഭിച്ചിട്ടിട്ടുണ്ടാകില്ല. 18 വയസ് മുതൽ ഒരു പെൺകുട്ടിയുടെ മാനസികവും ശാരീരികവും ജൈവീകവുമായ ആവശ്യങ്ങൾ നിറവേറ്റപ്പെടാനാവശ്യമായ സാഹചര്യം ലഭിച്ചിരുന്നില്ല. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം കമ്മീഷന് ആശങ്കയുണ്ട്.

സജിത സ്വന്തം ഇഷ്ടപ്രകാരമാണ് അങ്ങനെ കഴിഞ്ഞിരുന്നത് എന്നിരുന്നാൽ പോലും കമീഷന് ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്താതിരിക്കാനാവില്ല. പൊലീസിനോട് വിവരങ്ങൾ തിരക്കിയിരുന്നു. ഒരു തവണ കൗൺസിലിങ് നൽകിക്കഴിഞ്ഞതായാണ് പൊലീസ് അറിയിച്ചത്. ആവശ്യമെങ്കിൽ ഇനിയും അത്തരം സഹായങ്ങൾ നൽകും. കർശനമായ ലോക്ക്ഡൗണായതിനാലാണ് കമ്മീഷൻ സജിതയെ സന്ദർശിക്കാത്തത്. ഉടൻതന്നെ അവരെ കാണും. അവർ താമസിച്ചിരുന്ന വീട്ടിലെത്തി സാഹചര്യം മനസ്സിലാക്കും. വനിതാ കമ്മീഷൻ അംഗം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here