സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു; പൊലീസ് പരിശോധന തുടങ്ങി

0
448

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവില്‍ വന്നു. പൊലീസ് രാവിലെ തന്നെ പരിശോധന തുടങ്ങി. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ 25,000 പൊലീസുകാരെ വിന്യസിച്ചാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്ത് പോകാന്‍ പൊലീസ് പാസ് നല്‍കും. വിവാഹം, മരണം, ആശുപത്രി യാത്രകള്‍ എന്നിവയടക്കം അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരെല്ലാം സത്യവാങ്മൂലം നല്‍കണം.

പൊലീസ് ഇടപെടല്‍ കര്‍ശനമായിരിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അവശ്യസാധനങ്ങള്‍ വാങ്ങാനായാലും പുറത്തിറങ്ങിയതിന്റെ കാരണം കൃത്യമായി ബോധ്യപ്പെടുത്താനായില്ലെങ്കില്‍ നടപടി നേരിടേണ്ടി വരും.

കൊവിഡ് അതിവ്യാപനം പിടിച്ചുനിര്‍ത്താന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് കേരളം വീണ്ടും അടച്ചിടുന്നതെന്നാണ് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞത്. ഇന്ന് മുതല്‍ ഈ മാസം 16 വരെ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരും.

നിയന്ത്രണങ്ങളും ഇളവുകളും

അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന, തിരിച്ചറിയല്‍ കാര്‍ഡ്, ക്ഷണക്കത്ത് എന്നിവ അവര്‍ കയ്യില്‍ കരുതണം. അന്തര്‍ജില്ലാ യാത്രകള്‍ക്കും ഇതേ പാസാണ് വേണ്ടത്. അന്തര്‍സംസ്ഥാന യാത്രക്കാര്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഇല്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വറന്റീനില്‍ കഴിയണം.

സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങരുത്. വീട്ടുജോലിക്കാര്‍, കൂലിപ്പണിക്കാര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം. പൊലീസ് പാസിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനം വൈകിട്ടോടെ നിലവില്‍ വരും. പാഴ്‌സല്‍ നല്‍കാനായി ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാം. തട്ടുകടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.  ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും.

അടിയന്തര ഘട്ടങ്ങളില്‍ മാത്രമേ അന്തര്‍ ജില്ലാ യാത്രകള്‍ അനുവദിക്കൂ. വാഹന റിപ്പയര്‍ വര്‍ക്ക്ഷോപ്പ് ശനി, ഞായര്‍ ദിവസങ്ങളില്‍ തുറക്കാം. ഹാര്‍ബര്‍ ലേലം ഒഴിവാക്കും. ചരക്ക് ഗതാഗതത്തിന് തടസ്സം ഉണ്ടാകില്ല. ഗുരുതരാവസ്ഥയില്‍ കഴിയുന്നവര്‍ക്ക് ജീവന്‍രക്ഷാ ഔഷധങ്ങള്‍ ഹൈവേ പൊലീസ് എത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here