യാത്രാ വിലക്കിനിടയിലും മലയാളിയും കുടുംബവും യുഎഇയിലെത്തി; ചെലവഴിച്ചത് 40 ലക്ഷം രൂപ

0
664

ദുബൈ: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനിടയിലും മലയാളിയും കുടുംബവും യുഎഇയിലെത്തി. ഇതിനായി ചെലവഴിച്ചത് 40 ലക്ഷം രൂപയും! പാലക്കാട് സ്വദേശിയും ഷാര്‍ജ ആസ്ഥാനമായുള്ള അല്‍ റാസ് ഗ്രൂപ്പിന്റെ എംഡിയുമായ പി ഡി ശ്യാമളനും കുടുംബവും ഉള്‍പ്പെടുന്ന 13 അംഗ സംഘമാണ് സ്വകാര്യ ജെറ്റില്‍ കൊച്ചിയില്‍ നിന്ന് ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. ഈ യാത്രയ്ക്കായി 40 ലക്ഷം രൂപയാണ് (55,000 ഡോളര്‍) ചെലവാക്കിയത്.

അടുത്തിടെ വിവാഹം കഴിഞ്ഞ മകളും മരുമകനും മറ്റ് കുടുംബാംഗങ്ങളും നാല് ജീവനക്കാരുമാണ് സ്വകാര്യ ജെറ്റില്‍ ദുബൈയിലെത്തിയത്.

മകള്‍ അഞ്ജുവിന്റെ വിവാഹത്തിനായി മാര്‍ച്ച്‌ 15നാണ് ശ്യാമളനും കുടുംബവും ജീവനക്കാരും നാട്ടിലെത്തിയത്. ഏപ്രില്‍ 25നായിരുന്നു മകളുടെ വിവാഹം. എന്നാല്‍ പിന്നീട് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയതോടെ മടക്കയാത്ര മുടങ്ങി. ഇതിനിടെയാണ് സ്വകാര്യ ജെറ്റുകള്‍ക്ക് അനുമതി നല്‍കുന്ന വിവരം അറിഞ്ഞത്. തുടര്‍ന്ന് ഇതിനായി ശ്രമം തുടങ്ങി. യുഎഇ കേന്ദ്രീകരിച്ചുള്ള ബിസിനസ് ആയതിനാല്‍ മടങ്ങിയെത്തേണ്ടത് അത്യാവശ്യം ആയിരുന്നു. സ്വകാര്യ ജെറ്റിനായുള്ള ശ്രമം വിജയിച്ചതോടെയാണ് ശ്യാമളന്‍, ഭാര്യ, മകള്‍ അഞ്ജു, മരുമകന്‍ ശിവപ്രസാദ്, മാതാപിതാക്കള്‍, ഭാര്യയുടെ മാതാപിതാക്കള്‍, സഹോദരി, നാല് ജീവനക്കാര്‍ എന്നിവര്‍ ദുബൈയില്‍ മടങ്ങിയെത്തിയത്. നാല്‍പ്പത് വര്‍ഷത്തിലേറെയായി ശ്യാമളന്‍ യുഎഇയില്‍ താമസിച്ചുവരികയാണ്.

യാത്രാ വിലക്കുണ്ടെങ്കിലും ബിസിനസുകാര്‍ക്ക് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ യുഎഇയില്‍ എത്താം. എന്നാല്‍ ദുബൈ സിവില്‍ ഏവിയേഷന്റെയും ഇന്ത്യന്‍ അധികൃതരുടെയും അനുമതി ആവശ്യമാണ്. ദുബൈ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ട്രാവല്‍സാണ് ശ്യാമളനും കുടുംബത്തിനുമായി വിമാനം ചാര്‍ട്ടര്‍ ചെയ്തത്. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. യുഎഇയിലെത്തിയ ശേഷം വിമാനത്താവളത്തിലും നാലാം ദിവസവും എട്ടാം ദിവസവും കൊവിഡ് പരിശോധന നടത്തുകയും വേണം. 10 ദിവസം ഹോം ക്വാറന്റീനും നിര്‍ബന്ധമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here