1 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികള്‍ക്ക് ഓള്‍ പാസ്: മാർഗനിർദേശങ്ങൾ ഇവയാണ്…

0
620

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നു മുതൽ 9 വരെയുള്ള ക്ലാസുകളിലെ മുഴുവൻ കുട്ടികൾക്കും അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകേണ്ടതുണ്ട്. എന്നാൽ കുട്ടികൾ ഓരോരുത്തരും പഠന കാര്യത്തിൽ എവിടെ നിൽക്കുന്നു എന്നും അറിയേണ്ടതുണ്ട്. അതിനായി ശാസ്ത്രീയമായ വിലയിരുത്തൽ രീതി അവലംബിക്കേണ്ടതുണ്ട്. പ്രസ്തുത വിലയിരുത്തലിലൂടെ മാത്രമേ കുട്ടികളുടെ മികവും പരിമിതിയും കണ്ടെത്താനും മികവിനെ കൂടുതൽ മികവുള്ളതാക്കി മാറ്റാനും പരിമിതികളെ മറികടക്കാനുള്ള പഠനപിന്തുണ പരിപാടികൾ ആസൂത്രണം ചെയ്യാനും കഴിയു. ഇതിന് കഴിയണമെങ്കിൽ ഫസ്റ്റ് ബെൽ ക്ലാസുകളിലൂടെയും തുടർപ്രവർത്ത നങ്ങളിലൂടെയും ആർജ്ജിച്ച ശേഷികൾ വിലയിരുത്തുന്നതാണ് അഭികാമ്യം. അതിനായി സംസ്ഥാനതലം മുതൽ സ്കൂൾതലം വരെ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളാണ് ചുവടെ ചേർക്കുന്നത്.

ഒന്നാം തരം മുതൽ ഒമ്പതാം തരം വരെയുള്ള ഫസ്റ്റ് ബെൽ ക്ലാസുകൾ തുടർന്നുവരികയാണ്. അവ പൂർത്തിയാകുന്ന മുറയ്ക്ക് കുട്ടികളുടെ പഠനനില വിലയിരുത്തേണ്ടതുണ്ട്.

നിരന്തരവിലയിരുത്തൽ

പഠന പ്രവർത്തനങ്ങളിലെ പങ്കാളിത്തം, പഠനത്തിന്റെ ഭാഗമായി. ഉണ്ടാക്കിയ ഉല്പന്നങ്ങൾ, യൂണിറ്റ് വിലയിരുത്തൽ എന്നിവയെ
അടിസ്ഥാനമാക്കിയാണ് നിരന്തര വിലയിരുത്തൽ നടത്തി ഗ്രേഡ് നല്കുന്നത്. നിലവിലെ സാഹചര്യത്തിൽ ക്ലാസുകൾ വീഡിയോമോഡിലാണ് നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ വീഡിയോക്ലാസുകൾ കണ്ട് കുട്ടികൾ തയാറാക്കിയ പഠനക്കുറിപ്പുകൾ നിരന്തര വിലയിരുത്തലിന് അടിസ്ഥാനമാക്കാവുന്നതാണ്. ഒപ്പംതന്നെ വീഡിയോ ക്ലാസുകളുടെ തുടർച്ചയായി അധ്യാപകർ നൽകിയ അസൈൻമെന്റുകൾ പൂർത്തിയാക്കുന്നതിലുള്ള മികവും പരിഗണിക്കാവുന്നതാണ്.

വർഷാന്തവിലയിരുത്തൽ

ഈ വർഷത്തെ സവിശേഷസാഹചര്യത്തിൽ പഠന കാര്യത്തിൽ കുട്ടി പൊതുവെ എവിടെ നിൽക്കുന്നു എന്നറിയാൻ വർഷാന്ത
വിലയിരുത്തൽ പ്രയോജനപ്പെടും. ഇതിനായി പഠനപ്രവർത്തനങ്ങളുടെ തുടർച്ചയായി സവിശേഷമായി തയാറാക്കിയ പാനമികവുരേഖ കാർഡുരൂപത്തിൽ കുട്ടികൾക്ക് ലഭ്യമാക്കുന്നതാണ്. ലഭ്യമാക്കിയ പ്രവർത്തന കാർഡുകളിൽ നിന്നും ഓരോ കുട്ടിയുടെയും സാധ്യതക്കനുസരിച്ച് പഠനപ്രവർത്തനങ്ങൾ പൂർത്തിയാക്കാവുന്നതാണ്. കുട്ടികൾ പൂർത്തിയാക്കുന്നവയിൽ നിന്ന് മികച്ച അഞ്ചെണ്ണം വിലയിരുത്തിയാണ് കുട്ടികൾക്ക് ഗ്രേഡ്/ കോർ നൽകേണ്ടത്.

ബി.ആർ.സി.കളിൽ നിന്ന് ലഭ്യമാകുന്ന പുസ്തക രൂപത്തിലുള്ള പ്രവർത്തന കാർഡുകൾ (പഠനമികവ് രേഖ) പ്രഥമാധ്യാപകരുടെ ഉത്തരവാദിത്വത്തിൽ കുട്ടികൾക്ക് ലഭ്യമാക്കേണ്ടതാണ്.

2021 ഏപ്രിൽ 24 നകം എസ്.ആർ.ജി. മീറ്റിംഗ് കൂടുകയും ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും 2021-22 അധ്യയനവർഷം ആരംഭിക്കുന്നതു വരെയുള്ള കാര്യങ്ങൾ ആസൂത്രണം ചെയ്യുകയും വേണം. മുൻകൂട്ടി തയാറാക്കിയ അജണ്ട ഓരോന്നും ചർച്ച ചെയ്ത് തീരുമാനമെടുക്കുകയും അവ കൃത്യമായും സമയബന്ധിതമായും പൂർത്തീകരിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം

2021 ഏപ്രിൽ 26 നകം പി.റ്റി.എ എക്സിക്യൂട്ടീവ്/ എസ്.എം.സി. എന്നിവ ചേർന്ന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യേണ്ടതാണ്. സംസ്ഥാന തലത്തിൽ തയാറാക്കി സ്കൂളുകൾക്ക് നല്ക്കുന്ന പഠനമികവ് രേഖ എല്ലാ കുട്ടികൾക്കും ലഭിച്ചു എന്ന് ഉറപ്പുവരുത്തേണ്ടതാണ്. സ്കൂളിലെ പ്രത്യേക പരിഗണന ലഭിക്കേണ്ട കുട്ടികൾക്ക് വേണ്ട അനുരൂപീകരണ പ്രവർത്തനങ്ങൾ റിസോർസ് ടീച്ചറെ കൂടി ഉൾപ്പെടുത്തി ആസൂത്രണം ചെയ്യണം.

പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ പഠനമികവ് രേഖ 2021 മെയ് 10 നകം വിദ്യാലങ്ങളിൽ തിരികെ വാങ്ങുകയും അധ്യാപകർ വിലയിരുത്തി നൽകേണ്ടതുമാണ്. ഇപ്പോൾ തുടരുന്ന നിരന്തര വിലയിരുത്തൽ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതാണ്. പഠനപ്രവർത്തനങ്ങളിലെ പങ്കാളിത്തം, പഠനത്തിന്റെ ഭാഗമായുണ്ടായ ഉല്പന്നങ്ങൾ മുതലായവയെ അടിസ്ഥാനമാക്കി വേണം വിലയിരുത്തൽ. വീഡിയോ ക്ലാസുകൾ കണ്ട് കുട്ടികൾ തയാറാക്കിയ പഠനക്കുറിപ്പുകൾ, വീഡിയോ ക്ലാസുകളുടെ തുടർച്ചയായി അധ്യാപകർ നല്കിയ അസൈൻ മെന്റുകൾ എന്നിവ നിരന്തര വിലയിരുത്തലിന് പരിഗണിക്കാം.

പഠനമികവ് രേഖ വിലയിരുത്തുകയും അർഹമായ ഗ്രേഡ്/കോർ നല്കുകയും വേണം. പാനമികവ് രേഖയിൽ പൂർത്തിയാക്കിയവയിൽ നിന്നും മികച്ച അഞ്ച് പ്രവർത്തനകാർഡുകൾ വിലയിരുത്തിയാണ് കുട്ടികൾക്ക് ഗ്രേഡ്/സ്കോർ നൽകേണ്ടത്. ഇത് വർഷാന്തവിലയിരുത്തലിൽ പ്രയോജനപ്പെടുത്താം. പഠനമികവ്രേഖ വിദ്യാലയത്തിൽ സൂക്ഷിക്കേണ്ടതാണ്.

നിരന്തര വിലയിരുത്തലും വർഷാന്തവിലയിരുത്തലും പരിഗണിച്ച് കുട്ടികൾക്ക് ഗ്രേഡ് നൽകാവുന്നതാണ്. അതാത് സ്കൂളുകളിൽ ഓരോ വിഷയത്തിന്റേയും സബ്ജക്ട് കൗൺസിൽ അല്ലെങ്കിൽ എസ്.ആർ.ജി. കൂടിച്ചേർന്ന് വിലയിരുത്തലിന്റെ സ്കോറിംഗ് നിശ്ചയിക്കാവുന്നതാണ്.

2021 മേയ് 20 നകം വർഷാന്ത വിലയിരുത്തൽ പ്രക്രിയ പൂർത്തിയാക്കി പ്രമോഷൻലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതാണ്.

കുട്ടികൾക്ക് ലഭിച്ച ഗ്രേഡ്/സ്കോർ അധ്യാപകർ രേഖപ്പെടുത്തി വയ്ക്കണം. കുട്ടികളെ അറിയാനും ആവശ്യമായ പഠനപിന്തുണ ഉറപ്പുവരുത്താനും ഇത് അത്യാവശ്യമാണ്.

പ്രവർത്തനങ്ങളുടെ ഫലപ്രദമായ ആസൂത്രണത്തിനും നടത്തിപ്പിനും മോണിറ്ററിംഗിനുമായി ഉദ്യോഗസ്ഥരുടെ യോഗങ്ങൾ ജില്ല/വിദ്യാഭ്യാസജില്ല/സബ്ജില്ലാ തലങ്ങളിൽ വിളിച്ചു ചേർക്കേണ്ടതാണ്. മേൽ സൂചിപ്പിച്ച പ്രവർത്തനങ്ങൾ , എല്ലാ വിദ്യാലയങ്ങളിലും കൃത്യമായി നടക്കുന്നുണ്ടെന്ന് അതത് പ്രഥമാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here