ഷാജിക്ക് ലീഗിൻ്റെ പിന്തുണ; വേട്ടയാടലിന് ഷാജിയെ വിട്ടുകൊടുക്കില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

0
304

കോഴിക്കോട്: മുസ്‌ലിം ലീഗ് എം.എല്‍.എ കെ.എം ഷാജിയെ സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും അദ്ദേഹത്തിന് മുസ്‌ലിം ലീഗിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. തിങ്കളാഴ്ച ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് അരക്കോടി രൂപ പിടിച്ചെടുത്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു സാദിഖലി തങ്ങള്‍. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ഇപ്പോള്‍ സര്‍ക്കാരിന് കണ്ണൂരിലെ കൊലപാതകത്തില്‍ നിന്നൊക്കെ ശ്രദ്ധ തിരിക്കണമല്ലോ, അതിനുവേണ്ടി ഷാജിയെ ബലിയാടാക്കുകയാണ്. അത്രേയുള്ളു ആ കാര്യം.

ഷാജിയ്ക്ക് മുസ്‌ലിം ലീഗിന്റെ പരിപൂര്‍ണ്ണ പിന്തുണയുണ്ട്. തുടക്കം മുതല്‍ തന്നെ ഷാജിക്ക് മുസ്‌ലിം ലീഗ് എല്ലാ പിന്തുണയും കൊടുത്തിട്ടുണ്ട്. ഷാജിയെ വേട്ടയാടുകയാണെന്ന് പാര്‍ട്ടി ഉറച്ചു വിശ്വസിക്കുന്നു. അങ്ങനെ വേട്ടയാടുമ്പോള്‍ അതിന് വിട്ടുകൊടുക്കാന്‍ പറ്റില്ലല്ലോ,’ സാദിഖലി പറഞ്ഞു.

റമദാന്‍ ദിനത്തിന്റെ തലേ ദിവസം തന്നെ ഇത്തരത്തില്‍ റെയ്ഡ് നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ തീരുമാനപ്രകാരമാണെന്ന് കെ.എം ഷാജി ആരോപിച്ചിരുന്നു. വിജിലന്‍സ് തന്നെ പിന്തുടരുന്നതിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ്. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാന്‍ തയ്യാറാണ്. എന്നാല്‍, ഇപ്പോള്‍ പിണറായി വിജയന്റെ വിജിലന്‍സ് ചെയ്യുന്നത് സത്യസന്ധമായ അന്വേഷണമല്ലെന്നും കെ.എം ഷാജി പറഞ്ഞു.

തന്നെ എങ്ങിനെയെങ്കിലും കുടുക്കാനാവുമോയെന്ന അവസാനത്തെ ശ്രമമാണ്. അതിനു മുന്നില്‍ മുട്ടുമടക്കില്ലെന്നും നിയമപരമായി നേരിടുമെന്നും കെ.എം ഷാജി പറഞ്ഞു. വീട്ടില്‍ നിന്ന് കണ്ടെടുത്ത പണത്തിന് രേഖയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്നു ദിവസം അവധിയായതിനാല്‍ പണം ബാങ്കില്‍ അടക്കാനായില്ല. സ്ഥാനാര്‍ത്ഥിയായതിനാല്‍ പണം കൈവശമുണ്ടാവുമെന്ന് ധരിച്ച് എത്തിയാണ് വിജിലന്‍സുകാര്‍ പണം കൈവശപ്പെടുത്തിയത്. ഇതു തനിക്ക് തിരിച്ചുതരേണ്ടി വരുമെന്ന് ഉറപ്പാണ്.

എല്ലാ രേഖയുമുള്ള പണമായതിനാലാണ് പിണറായി പൊലീസ് നിരന്തരം വേട്ടയാടുകയും പിന്‍തുടരുകയും റെയ്ഡ് നടത്തുകയും ചെയ്തപ്പോഴും വീട്ടില്‍ സൂക്ഷിച്ചത്. ഇതിന്റെ രേഖ ഏത് അന്വേഷണ ഏജന്‍സിക്ക് മുമ്പിലും ഹാജരാക്കാന്‍ ഒരുക്കമാണ്. അനധികൃതമായി ഒരു സ്വത്തും തന്റെ പേരിലില്ലെന്നും ഷാജി പ്രതികരിച്ചിരുന്നു.

കെ.എം ഷാജിയുടെ വീട്ടില്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണിക്ക് തുടങ്ങിയ വിജിലന്‍സിന്റെ റെയ്ഡ് രാത്രി പതിനൊന്ന് മണിയോടെയാണ് അവസാനിച്ചത്. ഷാജിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ എം ആര്‍ ഹരീഷ് കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷാജിക്കെതിരെ വിജിലന്‍സ് കേസ് എടുത്തിരുന്നത്.

കെ.എം ഷാജി വരവിനേക്കാള്‍ 166% അധികം സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു. 2011 മുതല്‍ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് വര്‍ധനവ്.

ഷാജിക്കെതിരെ വിജിലന്‍സ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍. 88.5 ലക്ഷത്തോളം രൂപ ചെലവഴിച്ചുവെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍ രണ്ടു കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. വീട് നിര്‍മാണം, വിദേശയാത്രകള്‍ എന്നിവയ്ക്കടക്കമാണ് ഷാജി പണം ചെലവാക്കിയതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ഏകദേശം 166 ശതമാനത്തോളം അധിക വരുമാനം ഷാജിക്കുണ്ടായി എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here