ഹെലികോപ്ടര്‍ അപകടം; എം എ യൂസഫലിക്ക് നട്ടെല്ലിന് ശസ്ത്രക്രിയ

0
715

ഹെലികോപ്ടര്‍ അപകടത്തെ തുടര്‍ന്ന് അബൂദബിയില്‍ ചികിത്സയിലായിരുന്ന പ്രമുഖ വ്യവസായി എം എ യൂസഫലി ശസ്ത്രക്രിയക്ക് വിധേയനായി. നട്ടെല്ലിനാണ് ശസ്ത്രിക്രിയ നടന്നത്. ജര്‍മന്‍ ന്യൂറോ സര്‍ജന്‍ ഡോ. ഷവാര്‍ബിയുടെ നേതൃത്വത്തില്‍ 25 ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ വിജയകരമാണെന്ന് ലുലു അധികൃതര്‍ അറിയിച്ചു.

ബുര്‍ജീല്‍ ആശുപത്രി ഉടമയും എം എ യൂസഫലിയുടെ മരുമകനുമായ ഡോ. ഷംസീര്‍ വയലിലിന്റെ മേല്‍നേട്ടത്തില്‍ ബുര്‍ജീല്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്. കഴിഞ്ഞ ഏപ്രില്‍ 11 ന് കൊച്ചിയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.

എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്ടര്‍ സാങ്കേതിക തകരാര്‍ മൂലം എറണാകുളം പനങ്ങാടുള്ള ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കുകയായിരുന്നു. ജനവാസകേന്ദ്രത്തിന് മുകളില്‍ വെച്ചാണ് യന്ത്രത്തകരാറുണ്ടായത്. കെട്ടിടങ്ങളും വ്യവസായശാലകളും ഹൈവേയുമുള്ള പ്രദേശത്തുവെച്ചാണ് അപകടം തിരിച്ചറിഞ്ഞത്. പൈലറ്റുമാര്‍ സമയോചിതമായി ഇടപെട്ട് ചതുപ്പിലേക്ക് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാനായി.

ഹെലികോപ്ടറില്‍ നിന്ന് ഇറങ്ങിയയുടനെ തനിക്ക് നടുവേദനയുണ്ടെന്ന് യൂസഫലി പറഞ്ഞതായി സംഭവത്തിന്റെ ദൃക്സാക്ഷികളിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

തുടര്‍ന്ന് കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ അദ്ദേഹം പ്രാഥമിക ചികില്‍സയ്ക്ക് വിധേയനായിരുന്നു. ശാരീരിക അവശതകള്‍ പ്രകടിപ്പിച്ചതിനാല്‍ സ്‌കാനിംഗ് ഉള്‍പ്പടെയുള്ള പരിശോധനകളും നടത്തിയിരുന്നു. തുടര്‍ന്ന് അടുത്തദിവസം തന്നെ പ്രത്യേക വിമാനത്തില്‍ അദ്ദേഹത്തെ അബൂദബിയിലെത്തിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here