ജൂണില്‍ പ്രതിദിനം 2000ത്തിലേറെ മരണമുണ്ടാകും; രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഭയാനകമാകുമെന്ന് ലാന്‍സെറ്റ് പഠന റിപ്പോര്‍ട്ട്

0
421

ന്യൂദല്‍ഹി: കൊവിഡ് രണ്ടാം തരംഗം രാജ്യം മുഴുവന്‍ അതിതീവ്രമായി പടരുന്നതിനിടെ കാര്യങ്ങള്‍ കൂടുതല്‍ ഗുരുതരമാകുമെന്ന പഠന റിപ്പോര്‍ട്ട് പുറത്ത്. ജൂണ്‍ ആദ്യ വാരമാകുമ്പോഴേക്കും ഇന്ത്യയിലെ പ്രതിദിന മരണനിരക്ക് 1750 മുതല്‍ 2320 വരെയാകുമെന്നാണ് ലാന്‍സെറ്റ് കൊവിഡ് 19 കമ്മിഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.

Managing India’s second Covid-19 wave: Urgent Steps എന്ന തലക്കെട്ടോടെ പുറത്തുവന്നിരിക്കുന്ന പഠനത്തിലാണ് വരാന്‍ പോകുന്ന മാസങ്ങളിലെ രോവ്യാപനത്തെ കുറിച്ചും പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളെ കുറിച്ചും വിവരിച്ചിരിക്കുന്നത്.

കൊവിഡിന്റെ ആദ്യ തരംഗത്തിന് സമാനമായ രീതിയില്‍ തന്നെയാണ് രണ്ടാം തരംഗവും പടരുന്നതെന്നും എന്നാല്‍ വ്യാപനതോതും ശക്തിയും കൂടുതലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.

രണ്ടാം തരംഗത്തില്‍ ക്ലസ്റ്ററുകളുടെ എണ്ണത്തില്‍ കുറവുണ്ട്. 2020 ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ ഒന്നാം തരംഗം ശക്തമായപ്പോള്‍ കൊവിഡ് കേസുകളുടെ 75 ശതമാനവും വന്നത് 60 – 100 ജില്ലകളില്‍ നിന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ രണ്ടാം തരംഗത്തില്‍ ഇത്രയും കേസുകള്‍ വരുന്നത് 20-40 ജില്ലകളില്‍ നിന്നാണ്.

10,000ത്തില്‍ നിന്നും 80,000ത്തിലേക്ക് പ്രതിദിന കേസുകള്‍ വര്‍ധിക്കാന്‍ ഒന്നാം തരംഗത്തില്‍ 80തിലേറെ ദിവസമെടുത്തെങ്കില്‍ ഇപ്പോള്‍ 40 ദിവസത്തിനുള്ളിലാണ് ഈ വര്‍ധനവുണ്ടായത്.

അതേസമയം രണ്ടാം തരംഗത്തില്‍ രോഗബാധിതരാകുന്നവര്‍ക്ക് രോഗലക്ഷണങ്ങള്‍ കുറവാണ്. 24 മണിക്കൂറിനുള്ളില്‍ 2,17,353 പേര്‍ക്കാണ് രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here