സംസ്ഥാനത്ത് പ്രാദേശിക ലോക്ഡൗണ്‍ വേണ്ടി വരും ; ആശങ്കാജനകമായ സാഹചര്യമെന്ന് ആരോഗ്യമന്ത്രി

0
523

കണ്ണൂര്‍ : സംസ്ഥാനത്ത് കോവിഡ് വ്യാപനം ആശങ്കാജനകമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ആശങ്കാജനകമായ സാഹചര്യമാണ് നിലവിലുള്ളത്. രോഗവ്യാപനം കൂടുതലുള്ള മേഖലകളില്‍ പ്രാദേശിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് പടരാന്‍ തെരഞ്ഞെടുപ്പ് കാരണമായിട്ടില്ല. സമ്പൂര്‍ണ ലോക്ഡൗണ്‍ ഇനി പ്രായോഗികമല്ല. ലോക്ഡൗണിലേക്ക് പോകുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ആളുകളുടെ ജീവന്‍ രക്ഷിക്കുക എന്നതുപോലെ തന്നെ ജീവിതോപാധിയും സംരക്ഷിക്കേണ്ടതുണ്ട്. എവിടെയെങ്കിലും രോഗം കൂടുതലായി കണ്ടാല്‍ അവിടെ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടി വരും. അക്കാര്യം സര്‍ക്കാര്‍ ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്.

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ട്. വലിയ ക്യാമ്പ് വെച്ച് എല്ലാവര്‍ക്കും വാക്‌സിന്‍ കൊടുക്കുക എന്ന ദൗത്യം നിര്‍വഹിക്കാനൊരുങ്ങുമ്പോള്‍ വാക്‌സിന്റെ കുറവ് നല്ലതോതില്‍ അനുഭവപ്പെടുന്നുണ്ട്. 50 ലക്ഷം ഡോസ് ചോദിച്ചിട്ട് അതിന്റെ പകുതി പോലും ലഭിച്ചിട്ടില്ല. ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ കൂടിയ അളവില്‍ വാക്‌സിന്‍ ലഭ്യമായില്ലെങ്കില്‍ മാസ് വാക്‌സിനേഷന്‍ ക്യാമ്പ് അവതാളത്തിലാകുമെന്ന് മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു എന്ന ആരോപണം തെറ്റാണെന്നും മന്ത്രി ശൈലജ പറഞ്ഞു. ജലദോഷ ലക്ഷണം കണ്ടപ്പോള്‍ തന്നെ മുഖ്യമന്ത്രി ക്വാറന്റീനില്‍ പോയി. എന്തിനും വിവാദമുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മുഖ്യമന്ത്രി മെഡിക്കല്‍ കോളജിലാണ് ചികില്‍സ തേടിയത്. വീട്ടില്‍ നില്‍ക്കാമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ശ്രദ്ധിക്കണമെന്ന് തങ്ങള്‍ നിര്‍ദേശിച്ചതിനാലാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ അഡ്മിറ്റ് ആയതെന്നും കെ കെ ശൈലജ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here