അനധികൃത സ്വത്ത് സമ്പാദനം: കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്യും

0
235

കോഴിക്കോട്/ കണ്ണൂർ: കെ എം ഷാജിയെ വിജിലൻസ് വിശദമായി ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ഷാജിക്ക് വിജിലൻസ് നോട്ടീസ് നൽകി. കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലെയും വീടുകളിൽ നിന്ന് കണ്ടെടുത്ത അരക്കോടി അടക്കം രൂപയുടെ കണക്കും സ്വർണത്തിന്‍റെ ഉറവിടവും വിജിലൻസിന് മുമ്പാകെ കെ എം ഷാജിക്ക് കാണിക്കേണ്ടി വരും.

കണ്ണൂർ ചാലാടിലെ വീട്ടിൽ ഏപ്രിൽ 12-ന് നടത്തിയ വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത് അരക്കോടി രൂപയാണ്. അനധികൃതസ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിക്കെതിരെ വിജിലൻസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് വിജിലൻസിന്‍റെ പ്രാഥമികാന്വേഷണത്തിൽ തെളിഞ്ഞത്. ഇതിന്‍റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്.

തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് വിജിലൻസ് എസ്‍പിയുടെ നേതൃത്വത്തിലുള്ള സംഘം ഷാജിയുടെ കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിലെത്തിയത്. ഒന്നരമണിക്കൂറോളം വീടിന് പുറത്ത് പരിശോധന നടത്തിയ സംഘം പിന്നീട് അകത്തേക്ക് കയറി. ഈ സമയമെല്ലാം റെയ്ഡ് വീക്ഷിച്ച് കെ എം ഷാജിയും വീടിന് പുറത്തുണ്ടായിരുന്നു.

കണ്ണൂർ ചാലോടിലും ഇതേസമയം തന്നെ വിജിലൻസിന്‍റെ മറ്റൊരു സംഘം പരിശോധന തുടങ്ങി. 2012 മുതൽ 2021 വരെയുള്ള 9 വർഷം കൊണ്ട് ഷാജിയുടെ സ്വത്തിൽ 166 ശതമാനം വർദ്ധനയുണ്ടായി എന്നാണ് വിജിലൻസിന്‍റെ കണ്ടെത്തൽ. കണ്ണൂരിലെ വീട്ടിൽ നടത്തിയ റെയ്‍ഡിലാണ് അരക്കോടി രൂപ വിജിലൻസ് കണ്ടെത്തിയത്.

ആ അരക്കോടി രൂപയ്ക്ക് രേഖയുണ്ടെന്നും, ബന്ധു സ്ഥലക്കച്ചവടത്തിനായി വീട്ടിൽ കൊണ്ടുവച്ച പണമാണെന്നും, രേഖ ഹാജരാക്കാൻ രണ്ട് ദിവസത്തെ സമയം വേണമെന്നുമാണ് ഷാജി വിജിലൻസിനോട് പറ‍ഞ്ഞത്.

കോഴിക്കോട് മാലൂർ കുന്നിലെ വീട്ടിൽ നിന്ന് 39,000 രൂപയുടെ വിദേശ കറൻസികൾ, 400 ഗ്രാം സ്വർണ്ണം, വിദേശ യാത്രകളുമായി ബന്ധപ്പെട്ട രേഖകൾ, 72 മറ്റ് രേഖകൾ എന്നിവയും വിജിലൻസ് കണ്ടെത്തിയിരുന്നു. വിദേശ കറൻസികൾ മക്കളുടെ ശേഖരത്തിൽ ഉള്ളവയായണെന്നായിരുന്നു ഷാജിയുടെ വിശദീകരണമെന്ന് വിജിലന്‍സ് പറയുന്നു. പരിശോധനാ റിപ്പോർട്ടിൽ വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം വിജിലൻസ് കറൻസി തിരികെ ഏൽപ്പിച്ചിട്ടുണ്ട്. ഇവ കോടതി ആവശ്യപ്പെട്ടാൽ ഹാജരാക്കേണ്ടി വരുമെന്ന് വിജിലന്‍സ് വ്യക്തമാക്കുന്നു. അതേസമയം വീട്ടിൽ നിന്ന് 400 ഗ്രാം സ്വർണ്ണം കണ്ടെടുത്തെന്ന് റെയ്ഡിന് ശേഷം കെ എം ഷാജി മാധ്യമങ്ങളോട് വ്യക്തമാക്കിയെങ്കിലും ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സത്യവാങ്മൂലത്തിൽ സ്വന്തം കൈവശമുള്ളതായി 160 ഗ്രാം സ്വർണം മാത്രമാണ് കാണിച്ചിട്ടുള്ളത്. ഈ വൈരുദ്ധ്യങ്ങൾക്കെല്ലാം ഷാജി വിജിലൻസിന് വിശദീകരണം നൽകേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here