പറ്റുമെങ്കില്‍ എന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിക്കോളൂ, ഞാന്‍ പറയുന്നു യു.പിയില്‍ ഓക്‌സിജന്‍ അടിയന്തരാവസ്ഥയുണ്ട്; യോഗിയെ വെല്ലുവിളിച്ച് പ്രിയങ്ക

0
302

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമില്ലെന്ന പരാമര്‍ശത്തിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി.

ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമമുണ്ടെന്നും പറ്റുമെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടി തന്നെ അറസ്റ്റു ചെയ്യൂ എന്നുമാണ് പ്രിയങ്ക പറഞ്ഞിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്കയുടെ പ്രതികരണം.

‘മുഖ്യമന്ത്രി, ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ അടിയന്തരാവസ്ഥയുണ്ട്. നിങ്ങള്‍ക്ക് എന്റെ സ്വത്ത് കണ്ടുകെട്ടുകയോ എന്റേ മേല്‍ നടപടിയെടുക്കുകയോ ചെയ്യാം.

എന്നാല്‍ ദൈവത്തെയോര്‍ത്ത്, ഈ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണം,’ പ്രിയങ്ക ട്വീറ്റ് ചെയ്തു.

ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച് ‘അഭ്യൂഹങ്ങള്‍’ പരത്തുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും സ്വത്തുക്കള്‍ പിടിച്ചുകെട്ടുമെന്നുമായിരിുന്നു യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് യോഗിയെ വെല്ലുവിളിച്ചുകൊണ്ട് പ്രിയങ്കാ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്.

യഥാര്‍ഥ പ്രശ്‌നം കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പുമായിരുന്നെന്നും സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും ഓക്‌സിജന്‍ വിതരണത്തിന് ഒരു കുറവുമില്ലെന്നും ആദിത്യനാഥ് പറഞ്ഞു. ചിലര്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയം വരുത്തിവെച്ച്
സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇങ്ങന പ്രചരിപ്പിക്കുന്നതെന്നും ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here