കേരളത്തിൽ രണ്ടാഴ്‌ച ലോക്ക്ഡൗൺ? വിദഗ്ദ്ധ സമിതി തീരുമാനം സർക്കാരിന്റെ മുന്നിൽ; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വൈകുന്നേരം

0
574

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് വിദഗ്ദ്ധ സമിതി. ഇക്കാര്യത്തിൽ തീരുമാനം ഇന്നു തന്നെയുണ്ടാകും. സർക്കാർ മാത്രമായി ഇതിലൊരു തീരുമാനം എടുക്കേണ്ടെന്നും സർവകക്ഷി യോഗത്തിന് വിടാമെന്നുമാണ് ഇപ്പോഴത്തെ ധാരണ. ലോക്ക്ഡൗൺ വേണ്ടെന്ന് ശക്തമായ എതിർപ്പ് ഉയർന്നാൽ എറണാകുളം ജില്ലയിൽ ഇന്നലെ മുതൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ സംസ്ഥാനമാകെ ബാധകമാക്കും. സർവകക്ഷി യോഗത്തിലെ അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് വൈകുന്നേരം അഞ്ച് മണിയ്‌ക്ക് ആയിരിക്കും മുഖ്യമന്ത്രി പ്രഖ്യാപനം നടത്തുക.

ഇന്നലെ രാത്രി ചേർന്ന കൊവിഡ് വിദഗ്ദ്ധസമിതിയുടെ യോഗത്തിലാണ് രണ്ട് ആഴ്‌ച ലോക്ക്ഡൗൺ വേണമെന്ന നിർദേശം ഉണ്ടായത്. കൊറോണ വൈറസിന്റെ യു കെ വകഭേദം വേഗത്തിൽ പടരുകയാണിപ്പോൾ. അന്തർസംസ്ഥാന യാത്രക്കാരുടെ വരവ് ശക്തമാകുന്നതോടെ മഹാരാഷ്ട്രയിൽ ശക്തമായ ഇരട്ട വ്യതിയാനം സംഭവിച്ച വൈറസ് കേരളത്തിൽ എത്തും. ഇതിന്റെ പകർച്ച ചെറുക്കണമെങ്കിൽ രണ്ട് ആഴ്‌ചയെങ്കിലും ആളുകൾ തമ്മിലുളള സമ്പർക്കം പരമാവധി കുറയ്ക്കണം. അതിന് ലോക്ക്ഡൗൺ വേണമെന്നാണ് വിദഗ്ദ്ധ സമിതി അഭിപ്രായപ്പെട്ടിരിക്കുന്നത്.

പഞ്ചാബിലും ഹരിയാനയിലും രണ്ടാം തരംഗം ഉണ്ടായപ്പോൾ ലോക്ക്ഡൗൺ വേണമെന്ന് അവിടത്തെ ആരോഗ്യവിദഗ്ദ്ധർ അഭിപ്രായപ്പെട്ടെങ്കിലും സർക്കാരുകൾ അംഗീകരിച്ചില്ല. ഇതിന്റെ ദുരന്തമാണ് ഡൽഹി ഉൾപ്പടെയുളള സംസ്ഥാനങ്ങളിൽ വൈറസ് അതിവേഗം വ്യാപിച്ചതെന്നും കൊവിഡ് വിദഗ്ദ്ധ സമിതിയിൽ ചിലർ കണക്കുകൾ സഹിതം അവതരിപ്പിച്ചു. വിദഗ്ദ്ധസമിതിയുടെ ശുപാർശ ഇന്നു രാവിലെ ലഭിച്ചതോടെ ലോക്ക്ഡൗൺ വേണ്ടെന്ന നിലപാടിൽ സർക്കാരിന് അയവു വന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here