കർണാടകയിലെ 14 ദിന ലോക്ഡൗൺ; സംസ്ഥാനാന്തര യാത്രയെ ബാധിച്ചു

0
341

മംഗളൂരു ∙ രണ്ടാം തരംഗത്തിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ കർണാടകത്തിൽ പ്രഖ്യാപിച്ച 14 ദിവസത്തെ ലോക്ഡൗൺ ചൊവ്വാഴ്ച രാത്രി 9നു നിലവിൽ വന്നു. കേരള-കർണാടക അതിർത്തിയിലെ സംസ്ഥാനാന്തര യാത്രയെ അടക്കം ലോക്ഡൗൺ ബാധിച്ചു. ചരക്കു വാഹനങ്ങൾ, രോഗികളെയും കൊണ്ടുള്ള വാഹനങ്ങൾ തുടങ്ങിയവ മാത്രമാണ് സംസ്ഥാന അതിർത്തി കടന്നു സഞ്ചരിക്കാൻ അനുവദിക്കുന്നത്.

കേരള അതിർത്തിയിൽ ദേശീയപാതയിലെ തലപ്പാടിയിലും മറ്റു പാതകളിലും കർണാടക പൊലീസ് ചെക്‌പോസ്റ്റുകൾ സ്ഥാപിച്ചു പരിശോധന നടത്തുന്നുണ്ട്. അത്യാവശ്യ യാത്രക്കാർ ഒഴികെയുള്ളവരെ ഇവിടെ തടഞ്ഞു. കേരളത്തിൽ നിന്നുള്ള ബസുകളും തലപ്പാടിയിൽ സർവീസ് അവസാനിപ്പിച്ചു. ലോക്ഡൗണിൽ മരുന്നു കടകൾ പോലുള്ള അവശ്യ സർവീസുകൾ മാത്രമാണു തുറന്നു പ്രവർത്തിക്കാൻ അനുമതിയുള്ളത്. രാവിലെ 6 മുതൽ 10 വരെ ഭക്ഷ്യ വസ്തുക്കളും മറ്റും വിൽക്കുന്ന കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്.

എന്നാൽ, ആവശ്യക്കാർ വീടിനു തൊട്ടടുത്ത കടയിൽ നിന്നു സാധനങ്ങൾ വാങ്ങണമെന്നാണു നിർദേശം. ഇതിനു വിരുദ്ധമായി സാധനങ്ങൾ വാങ്ങാൻ ദൂര സ്ഥലങ്ങളിൽ നിന്നു നഗരത്തിൽ എത്തിയവർക്കു പൊലീസ് ഇന്നലെ മുന്നറിയിപ്പു നൽകി. വരും ദിവസങ്ങളിൽ കേസെടുക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.  വരും ദിവസങ്ങളിലും ഈ നില തുടർന്നാൽ നഗരത്തിൽ മൊത്ത വിൽപന മാത്രമാക്കി ചുരുക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here