ഉപ്പളയിലെ മുത്തലിബ് വധക്കേസില്‍ രണ്ടാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും; മൂന്നും നാലും പ്രതികളെ വിട്ടയച്ചു

0
419

കാസര്‍കോട്: റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന ഉപ്പള മണ്ണംകുഴിയിലെ അബ്ദുല്‍ മുത്തലിബിനെ (38) കുത്തിക്കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ഉപ്പളയിലെ ഷംസുദ്ദീനെ(31)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതി ശിക്ഷിച്ചത്. ഷംസുദ്ദീന്‍ കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. കേസിലെ മൂന്നും നാലും പ്രതികളെ കുറ്റം തെളിയിക്കാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് കോടതി വിട്ടയച്ചു. ഉപ്പള മുളിഞ്ചയിലെ മുഹമ്മദ് റഫീഖ്, ഉപ്പള കൊടി ബയലിലെ മുന്‍സൂര്‍ അഹമ്മദ് എന്നിവരെയാണ് വിട്ടയച്ചത്. കേസിലെ ഒന്നാംപ്രതിയായ കാലിയാറഫീഖ് കൊലചെയ്യപ്പെട്ടിരുന്നു. 2013 ഒക്ടോബര്‍ 24ന് രാത്രി 11.45 മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായിരുന്ന മുത്തലിബ് വീടിന് 100 മീറ്റര്‍ അകലെ ഓടിച്ചു പോവുകയായിരുന്ന ആള്‍ട്ടോകാര്‍ കാലിയാ റഫീഖിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. അപകടം തിരിച്ചറിഞ്ഞ മുത്തലിബ് കാര്‍വെട്ടിച്ചെങ്കിലും നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ മതിലിലിടിച്ചു നിന്നു. പിന്തുടര്‍ന്നെത്തിയ സംഘം കാറിന്റെ ഗ്ലാസുകള്‍ അടിച്ചു തകര്‍ത്ത ശേഷം മുത്തലിബിനെ വടിവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മുത്തലിബ് മരണപ്പെട്ടത്. സംഭവത്തില്‍ കൊലക്കുറ്റത്തിന് കേസെടുത്ത മഞ്ചേശ്വരം പൊലീസ് കാലിയാറഫീഖ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യുകയും പിന്നീട് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. കേസിന്റെ വിചാരണാനടപടിക്രമങ്ങള്‍ കോടതിയില്‍ നടക്കുന്നതിനിടെ റഫീഖിനെ ക്വട്ടേഷന്‍ സംഘം വെടിവെച്ചും കുത്തിയും കൊലപ്പെടുത്തുകയാണുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here