‘ക്ഷമിക്കണം,വാക്സിനാണെന്ന് അറിഞ്ഞില്ല’; ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച കൊവിഡ് വാക്സിന്‍ മടക്കി നല്‍കി മോഷ്ടാവ്

0
406

ചണ്ഡിഗഡ്: ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച മരുന്ന് കൊവിഡിനുള്ളതാണെന്ന് മനസിലായതോടെ തിരികെ നല്‍കി മോഷ്ടാവ്. ഹരിയാനയിലെ ജിന്ദില്‍ വ്യാഴാഴ്ചയാണ് സംഭവം. ഇനിയും ആരെന്ന് വ്യക്തമായിട്ടില്ലാത്ത മോഷ്ടാവ് മരുന്ന് തിരികെയെത്തിച്ച് ക്ഷമ ചോദിച്ചുകൊണ്ടുള്ള കുറിപ്പും ഇട്ട ശേഷമാണ് മടങ്ങിയത്. ക്ഷമിക്കണം കൊവിഡിനുള്ള മരുന്നാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് ഹിന്ദിയിലുള്ള കുറിപ്പാണ് തിരികെ കിട്ടിയ മരുന്നിനൊപ്പമുണ്ടായിരുന്നത്.

ജിന്ദ് ജനറല്‍ ആശുപത്രിയുടെ സ്റ്റോര്‍ റൂമില്‍ നിന്നാണ് 1700 കൊവിഡ് വാക്സിന്‍ മോഷണം പോയത്. ഉച്ചയോടെ സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷന് സമീപമുള്ള ചായക്കടയില്‍ എത്തിയ മോഷ്ടാവ് വാക്സിനടങ്ങിയ പാക്കറ്റ് ചായക്കടക്കാരന് നല്‍കി. പൊലീസ് സ്റ്റേഷനിലേക്കുള്ള ഭക്ഷണമാണെന്നായിരുന്നു പാക്കറ്റിനേക്കുറിച്ച് മോഷ്ടാവ് ചായക്കടക്കാരനോട് പറഞ്ഞത്. മറ്റൊരു അത്യാവശ്യമുള്ളതിനാല്‍ സ്റ്റേഷനിലെത്തി കൈമാറുന്നില്ലെന്നും ഉടന്‍ പൊലീസിന് നല്‍കണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ മടങ്ങുകയായിരുന്നു.

കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്‍റി വൈറല്‍ മരുന്ന് റെഡിസിവര്‍ ആണെന്ന് ധാരണയിലാവും മോഷണം നടന്നതെന്ന നിരീക്ഷണത്തിലാണ് പൊലീസുള്ളത്. സംഭവത്തില്‍ മോഷ്ടാവിനെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. മെയ് 1 മുതല്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിക്കുകയാണ്. ഇതിനായുള്ള രജിസ്ട്രേഷന്‍ ഏപ്രില്‍ 28ന് ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here