എന്തുകൊണ്ട് രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു? തെരഞ്ഞടുപ്പ് കമ്മീഷനോട് ഹൈക്കോടതി

0
154

തിരുവനന്തപുരം: കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാറ്റിവെക്കാനുണ്ടായ സാഹചര്യം വിശദീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി. ഇക്കാര്യം രേഖമൂലം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്ന് ഒഴിവുള്ള മൂന്ന് രാജ്യസഭാ അംഗങ്ങളുടെ കാലാവധി ഏപ്രില്‍ 21 നാണ് അവസാനിക്കുന്നത്. ഇതിന് മുന്‍പ് തെരഞ്ഞെടുപ്പ് നടത്താനാണ് നേരത്തെ തീരുമാനിച്ചത്.

എന്നാല്‍ ഈ തീയതി പിന്നീട് പിന്‍വലിക്കുകയായിരുന്നു. കേന്ദ്ര നിയമവകുപ്പിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇത് പിന്‍വലിച്ചത്. ഇതിനെതിരെ നിയമസഭാ സെക്രട്ടറിയും സി.പി.ഐ.എം നേതാവ് എസ്.ശര്‍മ്മയുമാണ് കേരള ഹൈക്കോടതിയെ സമീപിച്ചത്.

തെരഞ്ഞെടുപ്പ് മുന്‍പ് തീരുമാനിച്ച തീയതിയില്‍ നിന്ന് മാറ്റിവെച്ചതിന് കാരണമില്ലെന്നും വോട്ട് ചെയ്യാനുള്ള നിലവിലെ നിയമസഭാ അംഗങ്ങളുടെ അവസരം നഷ്ടപ്പെടുത്താനാണ് ശ്രമമെന്നും നിയമസഭാ സെക്രട്ടറി കോടതിയില്‍ വാദിച്ചു. മറ്റന്നാള്‍ കേസില്‍ വിശദമായി കോടതി വാദം കേള്‍ക്കും.

ഏപ്രില്‍ 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ഏപ്രില്‍ 12ന് വൈകിട്ട് അഞ്ചു മണിക്ക് വോട്ടെണ്ണല്‍ നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

മൂന്ന് ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോണ്‍ഗ്രസിലെ വയലാര്‍ രവി, സി.പി.ഐ.എമ്മിലെ കെ.കെ രാഗേഷ്, മുസ്‌ലീം ലീഗിലെ അബ്ദുള്‍ വഹാബ് എന്നിവര്‍ ഒഴിയുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്താനിരുന്നത്.

കോണ്‍ഗ്രസിന്റെയും മുസ്‌ലീം ലീഗിന്റെയും സി.പി.ഐ.എമ്മിന്റെയും ഓരോ സീറ്റുകളാണ് ഒഴിവു വരുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം വച്ച് എല്‍.ഡി.എഫിന് രണ്ടു സീറ്റിലും യു.ഡി.എഫിന് ഒരു സീറ്റിലുമാണ് വിജയിപ്പിക്കാനാവുക.

LEAVE A REPLY

Please enter your comment!
Please enter your name here