കോവിഡ് വ്യാപനം; പഞ്ചാബില്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ

0
162

ഛത്തീസ്ഗഢ്: പഞ്ചാബില്‍ കോവിഡ് വ്യാപന സാഹചര്യത്തില്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി ഒമ്പത് മുതല്‍ രാവിലെ അഞ്ചു വരെയാണ് കര്‍ഫ്യൂ. രോഗവ്യാപനം കണക്കിലെടുത്ത് നേരത്തെ പഞ്ചാബിലെ 12 ജില്ലകളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തുടനീളം രാഷ്ട്രീയ പാര്‍ട്ടികളുടെ പൊതുയോഗങ്ങളും ഏപ്രില്‍ 30 വരെ സര്‍ക്കാര്‍ വിലക്കി. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.

ഹാളുകളില്‍ നടക്കുന്ന വിവാഹം, മരണാനന്തര ചടങ്ങുകളില്‍ പരമാവധി 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുമതിയുള്ളു. തുറന്ന സ്ഥലങ്ങളില്‍ നടക്കുന്ന പരിപാടികള്‍ക്ക് പരമാവധി 100 പേരെയും പങ്കെടുപ്പിക്കാം. ഏപ്രില്‍ 30 വരെ മറ്റു സാമൂഹിക, സാംസ്‌കാരിക, കായിക പരിപാടികള്‍ക്കെല്ലാം വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തില്‍ ആശങ്കയുണ്ടെന്നും പുതുതായി സ്ഥിരീകരിക്കുന്ന കേസുകളില്‍ 85 ശതമാനവും വൈറസിന്റെ യുകെ വകഭേദമാണെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അമരീന്ദര്‍ സിങ് പറഞ്ഞു. രോഗവ്യാപനം നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയല്ലാതെ സംസ്ഥാന സര്‍ക്കാരിന് മറ്റുവഴികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here