ആധാര്‍-പാന്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയതി വീണ്ടും നീട്ടി

0
247

ന്യൂഡല്‍ഹി: ആധാര്‍-പാന്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയതി വീണ്ടും കേന്ദ സര്‍ക്കാര്‍ നീട്ടി. മൂന്ന് മാസത്തേക്ക് കൂടിയാണ് അധിക സമയം നല്‍കിയിരിക്കുന്നത്. പുതിയ ഉത്തരവ് അനുസരിച്ച്‌ 2021 ജൂണ്‍ 30 ആണ് അവസാന തിയതി. ഉപഭോക്താക്കള്‍ ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റില്‍ പരാതിപ്പെട്ടതോടെയാണ് നടപടി.

“കോവിഡ് സാഹചര്യത്തിലെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച്‌ ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാനുള്ള അവസാന തിയതി 2021 മാര്‍ച്ച്‌ 31ല്‍ നിന്ന് ജൂണ്‍ 30ത് ആക്കിയിരിക്കുന്നു,” ആദായ നികുതി വകുപ്പ് ട്വിറ്ററില്‍ കുറിച്ചു. 1961 ലെ ആദായ നികുതി നിയമത്തിലെ 148-ാം വകുപ്പ് പ്രകാരമാണ് പുതിയ നടപടി. ഇത് ഒമ്ബതാം തവണയാണ് ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയതി നീട്ടി നല്‍കുന്നത്.

ഇരു കാര്‍ഡുകളും തമ്മില്‍ ബന്ധിപ്പിച്ചില്ല എങ്കില്‍ ആയിരം രൂപ പിഴ ഈടാക്കുമെന്നായിരുന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് അടുത്ത ഘട്ടത്തില്‍ കാര്‍ഡ് റദ്ദാക്കുമെന്ന മുന്നറിയിപ്പും നല്‍കി. ആദായ നികുതി നിയമത്തിലെ 139 AA (2) വകുപ്പ് പ്രകാരം, ജൂലൈ 2017 വരെ പാന്‍ കാര്‍ഡ് എടുത്തിട്ടുള്ള എല്ലാവരും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം. ബന്ധിപ്പിക്കാത്തവര്‍ക്ക് ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ സാധിക്കില്ല.

ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നവരെ കണ്ടെത്താനാണ് ഈ നിയമം കൊണ്ടുവന്നിരിക്കുന്നത്. നിയമപ്രകാരം ഒരു വ്യക്തിക്ക് ഒരു ആധാര്‍ കാര്‍ഡ് മാത്രമേ ഉപയോഗിക്കാന്‍ സാധിക്കുകയുള്ളൂ. പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതോടെ ഒന്നിലധികം പാന്‍ കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ സാധിക്കും.

പാന്‍ കാര്‍ഡ് ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നത് എങ്ങനെ?

കുറഞ്ഞത് അഞ്ചുമിനിറ്റില്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കാവുന്ന ഒരു പ്രക്രിയ ആണിത്. ഇതിനായി ആദ്യം ആദായനികുതി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറണം. അതില്‍ ഇടതുവശത്തെ ക്വിക്ക് ലിങ്ക് സെഷനില്‍ നിന്നോ വലതു വശത്ത് മുകളിലായുള്ള പ്രൊഫൈല്‍ സെറ്റിങ്സില്‍ നിന്നോ “ലിങ്ക് ആധാര്‍” എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ പേര്, ആധാറിലെ നിങ്ങളുടെ പേര്, ആധാര്‍ നമ്ബര്‍ എന്നിവ നല്‍കിയ ശേഷം “ഐ എഗ്രീ” എന്ന ബട്ടണും ക്ലിക്ക് ചെയ്യുക ഇതോടെ നിങ്ങളുടെ ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കപ്പെടും. വെബ്‌സൈറ്റില്‍ നിങ്ങളുടെ പാന്‍ നമ്ബര്‍ ഉപയോഗിച്ച്‌ രജിസ്റ്റര്‍ ചെയ്ത് ലോഗിന്‍ ചെയ്ത ശേഷമാണ് ഇതിനു സാധിക്കുക. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് യൂസര്‍ ഐഡിയും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്യാന്‍ സാധിക്കും.

പാന്‍ കാര്‍ഡ് എസ്‌എംഎസിലൂടെ ബന്ധിപ്പിക്കാന്‍

ഓണ്‍ലൈനായി ബന്ധിപ്പിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് എസ് എം എസിലൂടെ ബന്ധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. അതിനായി UIDPAN (സ്പേസ്) നിങ്ങളുടെ ആധാര്‍ നമ്ബര്‍ (സ്പേസ്) നിങ്ങളുടെ പാന്‍ നമ്ബര്‍ എന്നിവ ചേര്‍ത്ത് 567678 അല്ലെങ്കില്‍ 56161 എന്ന നമ്ബറിലേക്ക് നിങ്ങളുടെ രജിസ്റ്റര്‍ നമ്ബറില്‍ നിന്ന് എസ് എം എസ് അയയ്ക്കുകയാണ് വേണ്ടത്.

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം?

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധപ്പെടുത്തിട്ടുണ്ടോ എന്ന സംശയം നിങ്ങള്‍ക്ക് വന്നാല്‍, ആദായനികുതി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറി ലിങ്ക് ആധാര്‍ സെക്ഷനില്‍ പോയി മുകളിലായുള്ള “ക്ലിക്ക് ഹിയര്‍” എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത് പരിശോധിക്കാവുന്നതാണ്. നിങ്ങളുടെ പാന്‍ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവിടെ ഒരു “കണ്‍ഫര്‍മേഷന്‍ മെസ്സേജ്” ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here