തീരെ ടൈമില്ല, എന്നാലും കീശ കാലിയാകില്ല; ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാൻ പറ്റുന്ന തുക?

0
325

കാസർകോട് ∙‌ ‌പരസ്യ പ്രചാരണത്തിനു വേണ്ടത്ര സമയം കിട്ടാത്തത് വെല്ലുവിളിയാണെങ്കിലും മുന്നണികളും സ്ഥാനാർഥികളാകാൻ പോകുന്നവരും ഒരു കാര്യത്തിൽ ആശ്വസിക്കുകയാണ്; പണച്ചെലവ് അത്രയെങ്കിലും കുറഞ്ഞു കിട്ടുമല്ലോ എന്നാണ് എല്ലാവരും ഒരുപോലെ ചിന്തിക്കുന്നത്. ‌തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ഒരാഴ്ച ആയെങ്കിലും ഒരു മുന്നണിയുടെയും സ്ഥാനാർഥി നിർണയം എങ്ങുമെത്തിയിട്ടില്ല. പൂർത്തിയാകാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നാണ് സൂചനകൾ. ‌ഒരു മാസം പോലും തികച്ച് പ്രചാരണത്തിനു കിട്ടാത്ത തിരഞ്ഞെടുപ്പായിരിക്കും ഇക്കുറി. ഇതിനുള്ളിൽ മണ്ഡലത്തിന്റെ മുക്കിലും മൂലയിലും എത്തുക സ്ഥാനാർഥികൾക്കു പ്രയാസമാണെങ്കിലും സാങ്കേതിക വിദ്യയിലൂന്നിയ പ്രചാരണത്തിലൂടെ അതിനെ മറികടക്കാനാണ് എല്ലാവരുടെയും ശ്രമം. അതാകുമ്പോൾ ചെലവും കുറയുമല്ലോ?.

പതിവു തിരക്കില്ലാതെ പാർട്ടി ഓഫിസുകൾ

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും ജില്ലയിലെ പാർട്ടി ഓഫിസുകളിൽ ഇപ്പോൾ പതിവു തിരഞ്ഞെടുപ്പുകളിൽ കാണാറുള്ള തിരക്കില്ല. കോവിഡ് മാത്രമല്ല കാരണം. സ്ഥാനാർഥി പ്രഖ്യാപനം നീളുന്നതും അണികളെ ആശയക്കുഴപ്പത്തിലാക്കുന്നു. സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതോടെയാണ് സാധാരണ പാർട്ടി ഓഫിസുകൾ സജീവമാകാറുള്ളത്. പ്രചാരണത്തിനിറങ്ങുന്ന പ്രവർത്തകരുടെ സകല ചെലവുകളും പാർട്ടിയുടെ അക്കൗണ്ടിലാണ്. പ്രചാരണത്തിനു ഒരു ദിവസം കുറഞ്ഞാൽ ലാഭം പതിനായിരങ്ങളാണ്!.

30.8 ലക്ഷം രൂപ

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാന പ്രകാരം ഈ തിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാൻ പറ്റുന്ന തുക 30.8 ലക്ഷം രൂപയാണ്. തിരഞ്ഞെടുപ്പ് മാത്രമല്ല തിരഞ്ഞെടുപ്പ് കമ്മിഷന് കണക്ക് സമർപ്പിക്കുകയും ഒരു കണക്കിലെ കളിയാണ്.

മാർച്ച് പാര

ഇടത്-വലതു മുന്നണികളുടെ പ്രധാന പ്രവർത്തകരിൽ ഭൂരിപക്ഷവും സഹകരണ ജീവനക്കാരാണ്. സഹകരണ ജീവനക്കാർക്ക് മാർ‌ച്ച് മാസം ഊണും ഉറക്കവും ഇല്ലാത്ത സമയങ്ങളാണ്. നിക്ഷേപ സമാഹരണത്തിന്റെയും വായ്പ കുടിശ്ശിക പിരിച്ചെടുക്കലിന്റെയും തിരക്കിനൊപ്പമാണ് തിരഞ്ഞെടുപ്പ് കൂടി എത്തിയത്. എൽഡിഎഫാണ് പ്രധാനമായും ഇതിന്റെ പ്രശ്നം അനുഭവിക്കുന്നത്. സാധാരണ സഹകരണ ജീവനക്കാരെ തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപേ അവധി എടുപ്പിച്ച് പ്രവർത്തനത്തിന് ഇറക്കുകയാണ് രീതി. എന്നാൽ ഇത്തവണ അങ്ങനെ ചെയ്താൽ സ്ഥാപനത്തെ ബാധിക്കുന്ന സ്ഥിതി. അതുകൊണ്ട് 31 നു ശേഷം ബാക്കിയുള്ള ദിവസങ്ങളിൽ അവധി എടുക്കാനാണ് ഇപ്പോൾ നൽകിയ നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here