കോഴിക്കോട്: കത്വ കേസില്‍ മുസ്ലിം യൂത്ത് ലീഗ് ചുമതലപ്പെടുത്തിയ അഭിഭാഷകനെവിടെ എന്ന് മന്ത്രി കെ.ടി ജലീലും ഡി.വൈ.എഫ്.ഐയും വെല്ലുവിളിച്ചതിനു തൊട്ടുപിന്നാലെ പത്താന് കോട്ട് പ്രത്യേക അതിവേഗ കോടതിയില്‍ ഹാജരായ അഭിഭാഷകനെ വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി യൂത്ത് ലീഗ്.
പെണ്‍കുട്ടിക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ കൂടെ നിന്നത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മാത്രമാണെന്ന് കത്വ പെണ്‍കുട്ടിയുടെ പിതാവിന്റെ അഭിഭാഷകന് അഡ്വ. മുബീന് ഫാറൂഖി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിസന്ധികള്‍ നിറഞ്ഞ നിയമയുദ്ധത്തില്‍ കൂടെനിന്ന യൂത്ത് ലീഗിനെതിരേ നടക്കുന്ന പ്രചരണങ്ങള്‍ വേദനാജനകമാണ്. കത്വ പെണ്‍കുട്ടിയുടെ കുടുംബം ചുമതലപ്പെടുത്തിയ അഭിഭാഷകന് എന്ന നിലയില്‍ കേസിന്റെ ഭാവിയെകരുതി കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കേസുമായി സഹകരിച്ച താലിബ് ഹുസൈന്, ദീപിക സിങ് രജാവത്, ഷഹല റാഷിദ് എന്നിവര്‍ക്കും തനിക്കും നേരിടേണ്ടി വന്ന ദുരനുഭവത്തിന്റെ തുടര്‍ച്ചയാണ് യൂത്ത് ലീഗ് ദേശീയ കമ്മിറ്റിക്കും നേരിടേണ്ടി വരുന്നത്. ഈ കേസില്‍ മുന്നോട്ടുപോകാനുള്ള ധൈര്യം നല്‍കിയത് യൂത്ത് ലീഗാണ്. അവസാന നിമിഷം വരെ കൂടെ നില്ക്കും എന്ന യൂത്ത് ലീഗിന്റെ ഉറപ്പ് പെണ്‍കുട്ടിയുടെ കുടുംബത്തിനും നല്കിയ പിന്തുണ വിലമതിക്കാനാനാവാത്തതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍, വൈസ് പ്രസിഡന്റ് അഡ്വ.വി.കെ ഫൈസല്‍ ബാബു, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിബു മീരാന്‍, മുഹമ്മദലി ബാബു എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.