‘ഞാൻ മരിച്ചാൽ മയ്യത്ത്​ വേഗം നാട്ടിലേക്ക്​ അയക്കണേ, ഇത്​ അഷ്റഫിക്കക്ക്​ എന്‍റെ ഒസ്യത്താണ്​’-കരളലിയിക്കും ഈ കുറിപ്പ്​

0
241

കഴിഞ്ഞയാഴ്ച അജ്​മാനിൽ വെച്ച്​ കണ്ടപ്പോൾ തിരുവനന്തപുരം സ്വദേശിയായ ഷാനവാസ്​ പ്രവാസ ലോകത്തെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകനായ അഷ്​റഫ്​ താമരശ്ശേരിയോട്​ പറഞ്ഞു-‘അഷ്റഫിക്കാ, നിങ്ങളുടെ ഫേസ്​ബുക്ക്​ ഒക്കെ വായിക്കാറുണ്ട്. ഓരോ മയ്യത്തുകളെയും കുറിച്ച് നിങ്ങള്‍ എഴുതുന്നത് വായിക്കുമ്പോള്‍ ശരിക്കും പ്രയാസം തോന്നാറുണ്ട്. നിങ്ങള്‍ ഇവിടെയുളളതാണ് ഞങ്ങള്‍ക്കുളള ഒരു ധൈര്യം. ഇക്ക ഞാന്‍ മരിക്കുകയാണെങ്കില്‍ എന്‍റെ മയ്യത്ത് എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കണേ. ഇത് എന്‍റെ ഒസ്യത്താണ്. അഷ്റഫിക്കക്ക് നല്‍കുന്ന ഒസ്യത്ത്’.

വ്യാഴാഴ്ച ഷാനവാസിന്‍റെ മയ്യത്തിന്​ മുന്നിൽ നിൽക്കു​േമ്പാഴും ഈ വാക്കുകളാണ്​ അഷ്​റഫിന്‍റെ മനസ്സിൽ മുഴങ്ങിയത്​. വ്യാഴാഴ്ച ഉച്ചക്ക്​ ശേഷം മിക്ക ഓഫിസുകളും അവധിയാണെങ്കിലും ഷാനവാസിന്‍റെ ആഗ്രഹം പോലെ മൃതദേഹം മോർച്ചറിയിൽ കിടത്താതെ നാട്ടിലേക്ക്​ അയക്കാൻ അഷ്​റഫിന്​ കഴിഞ്ഞു. ഈ സംഭവം വിവരിച്ച്​ അഷ്​റഫ് ഫേസ്​ബുക്കിലിട്ട പോസ്റ്റ്​ കരളലിയിപ്പിക്കുന്നതാണ്​. ​

കാല്‍നൂറ്റാണ്ട് കാലത്തെ പ്രവാസം മതിയാക്കി ഷാനവാസ്​ (60) കഴിഞ്ഞ വർഷം നാട്ട​ിലേക്ക്​ മടങ്ങിയിരുന്നു. ഇനി നാട്ടില്‍ പോയി മക്കളും കുടുംബവുമായി ഉളളത് പോലെ കഴിയണമെന്നാണ്​ അന്ന്​ ഷാനവാസ്​ അഷ്​റഫിനോട്​ പറഞ്ഞത്​. പിന്നീട്​ ഒരാഴ്ച മുമ്പ്​ അവിചാരിതമായി അജ്​മാനിലെ ബസാറിൽ വെച്ച്​ കാണുകയായിരുന്നു. അപ്പോഴാണ്​ ഷാനവാസ്​ വീണ്ടും പ്രവാസിയായ വിവരം അഷ്​റഫ്​ അറിയുന്നത്​. ‘നമ്മള്‍ വിചാരിക്കുന്നത് പോലെയല്ലല്ലോ ഈ ദുനിയാവില്‍ പടച്ചവന്‍ നടത്തുന്നത്. വീണ്ടും തിരികെ വന്നു. നമ്മുടെ നാട് പഴയ നാടല്ല. ആര്‍ക്കും നമ്മളെ പരിചയമില്ല. എങ്ങനെ പരിചയം വരും? 26 വര്‍ഷം ഇവിടെയല്ലേ ജീവിച്ചത്. നാട്ടില്‍ പൈസ ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല, ഇവിടെ ഒരു ഖുബ്ബൂസ് കഴിച്ചാല്‍ വയര്‍ നിറയും’- ഷാനവാസ്​ അന്നിത്​ പറഞ്ഞപ്പോൾ എന്തോ പ്രയാസം ഉള്ളിലുള്ളതായി അഷ്​റഫിന്​ തോന്നിയിരുന്നു. ‘എല്ലാം ശരിയാകും’ എന്ന്​ പറഞ്ഞ്​ ആശ്വസിപ്പിച്ച്​ അഷ്​റഫ്​ മടങ്ങി. പിന്നീട്​ കേൾക്കുന്നത്​ ഷാനവാസിന്‍റെ മരണവാർത്തയാണ്​. തിരുവനന്തപുരം ആറ്റിങ്ങല്‍ കല്ലിന്‍മൂട് സ്വദേശിയാണ് ഷാനവാസ്. ഭാര്യ:സെലീന. മക്കൾ: വിദ്യാർഥികളായ അനീസ്, സുഹൈല്‍.

LEAVE A REPLY

Please enter your comment!
Please enter your name here