ഒരു കാമുകിയിൽ നിന്ന് മോഷ്ടിച്ച മോതിരവുമായി മറ്റൊരു കാമുകിയോട് വിവാഹാഭ്യർഥന; ‘തട്ടിപ്പ് വീരനെ’ തിരഞ്ഞ് പൊലീസ്

0
183

ഒരു കാമുകിയിൽ നിന്നും മോഷ്ടിച്ച നിശ്ചയ മോതിരവുമായി മറ്റൊരു കാമുകിയോട് വിവാഹാഭ്യർഥന നടത്തി വിരുതന്‍. ഫ്ലോറിഡ സ്വദേശിയായ ജോസഫ് ഡേവിസ് എന്ന 48കാരനാണ് ഒരു കാമുകിയിൽ നിന്നും മോതിരവും വെഡ്ഡിംഗ് ബാൻഡുകളും അടക്കം മോഷ്ടിച്ച് മറ്റൊരു കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയത്. മറ്റ് പല കേസുകളിലും കുറ്റക്കാരനായ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി വൊലൂസിയ കൺട്രി ഷെരീഫ് ഡെപ്യൂട്ടീസ് അറിയിച്ചിട്ടുണ്ട്.

ഈ വർഷം ആദ്യം ഓറഞ്ച് സിറ്റിയിൽ നിന്നുള്ള ഒരു യുവതി പരാതിയുമായെത്തിയതോടെയാണ് തട്ടിപ്പുകഥകൾ പൊലീസ് പറയുന്നത്. തന്‍റെ കാമുകന് മറ്റൊരാളുമായി ബന്ധമുണ്ടെന്നായിരുന്നു ഇവർ പറഞ്ഞത്. അയാളുടെ ഫേസ്ബുക്കിൽ കണ്ട ചിത്രത്തിൽ പുതിയ കാമുകി, തന്‍റെ പക്കലുണ്ടായിരുന്നു അതേ വെഡ്ഡിംഗ് ബാന്‍റും എൻഗേജ്മെന്‍റ് റിംഗും ധരിച്ചിരുന്നത് ശ്രദ്ധയിൽപെട്ടു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ആഭരണപ്പെട്ടിയിൽ നിന്നും ഇതടക്കം പല വിലപിടിപ്പുള്ള ആഭരണങ്ങളും മോഷണം പോയതായി ശ്രദ്ധയിൽപ്പെട്ടതെന്ന് ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു.

മുത്തശ്ശിയിൽ നിന്നും ലഭിച്ച വജ്രമോതിരം അടക്കം നാലര ലക്ഷത്തോളം രൂപയുടെ ആഭരണങ്ങളാണ് ഇവരിൽ നിന്നും മോഷണം പോയതെന്ന് പൊലീസും അറിയിച്ചു. ആഭരണങ്ങൾ മോഷണം പോയത് ശ്രദ്ധയിൽപ്പെട്ട യുവതി കാമുകന്‍റെ പുതിയ ‘ഭാവിവധു’വിനെ സമീപിച്ച് വിവരം പറഞ്ഞതോടെ കുറച്ച് ആഭരണങ്ങള്‍ ഇവർ മടക്കി നൽകി. തുടർന്ന് ഡേവിസുമായുള്ള ബന്ധം ഇരുവരും അവസാനിപ്പിക്കുകയും ചെയ്തു. താനും പറ്റിക്കപ്പെട്ടു എന്നാണ് പുതിയ കാമുകിയും ആരോപിക്കുന്നത്.

മുൻകാമുകി ജോലിക്ക് പോയിരുന്ന സമയത്ത് അവരുടെ വീട്ടിലും ഡേവിഡ് പുതിയ കാമുകിയെ കൊണ്ടു വന്നിരുന്നു. സ്വന്തം വീടാണെന്ന് അവകാശപ്പെട്ടു കൊണ്ടായിരുന്നു ഇത്. തനിക്കൊപ്പം ഇവിടേക്ക് താമസിക്കാൻ വരണമെന്നും ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷം ഡേവിസിനെ കാണാതാവുകയായിരുന്നു. പിന്നീടാണ് തന്‍റെ ലാപ്ടോപ്പും ആഭരണങ്ങളും മോഷണം പോയതായി ഈ യുവതിയും മനസിലാക്കുന്നത്’ പൊലീസ് പറയുന്നു.

‘തന്നെ പറ്റിച്ചയാളുടെ യഥാർഥ പേര് എന്താണെന്നറിയില്ലെങ്കിലും നോർത്ത് കാരലീനയിൽ ഇയാൾക്ക് ബന്ധുക്കളുണ്ടെന്ന് ഈ യുവതി പൊലീസിനോട് പറഞ്ഞു. ഇവിടെ നടത്തിയ അന്വേഷണത്തിലാണ് ഡേവിസിനെ തിരിച്ചറിഞ്ഞത്. വാഹനാപകടം സൃഷ്ടിച്ചതിന്‍റെ പേരിൽ നിലവിൽ ഒരു അറസ്റ്റ് വാറണ്ട് ഇയാളുടെ പേരിലുണ്ടെന്നാണ് പൊലീസ് അറിയിച്ചത്. ഇതിന് പുറമെ വ്യാജ ഐഡി,ഗാർഹിക പീഡനം, മയക്കുമരുന്ന് കൈവശം വയ്ക്കൽ തുടങ്ങി വിവിധ കുറ്റങ്ങൾക്ക് ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here