ട്രാക്ടര്‍ റാലി മുടക്കാന്‍ ദല്‍ഹി പൊലീസ് വഴിയുള്ള കേന്ദ്രത്തിന്റെ ശ്രമം പൊളിഞ്ഞു; ക്രമസമാധാനം നോക്കേണ്ടത് പൊലീസെന്ന് സുപ്രീംകോടതി

0
145

ന്യൂദല്‍ഹി: റിപബ്ലിക് ദിനത്തില്‍ നടക്കാനിരിക്കുന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലി നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി പൊലീസ് വഴി സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി മാറ്റിവെച്ചു.

ദല്‍ഹിയിലേക്കുള്ള പ്രവേശനം ഒരു ക്രമസമാധാന പ്രശ്‌നമാണെന്നും അതില്‍ കോടതിക്ക് ഇടപെടാന്‍ പറ്റില്ലെന്നും കോടതി വ്യക്തമാക്കി.  തങ്ങള്‍ ഈ വിഷയത്തില്‍ ഇടപെട്ടാല്‍ അത് തെറ്റിദ്ധാരണയുണ്ടാക്കുമെന്നും കോടതി പറഞ്ഞു.

ആര്‍ക്ക് പ്രവേശനം അനുവദിക്കണം അനുവദിക്കേണ്ട, എത്രപേരെ പ്രവേശിപ്പിക്കണം എന്നതൊക്കെ ക്രമസമാധാനത്തിന്റെ കാര്യമാണെന്നും അത് പൊലീസാണ് കൈകാര്യം ചെയ്യേണ്ടതെന്ന്
മുമ്പ് അറ്റോര്‍ണി ജനറലിനോടും സോളിസ്റ്റര്‍ ജനറലിനോടും പറഞ്ഞിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

തങ്ങള്‍ ആദ്യത്തെ അധികാര സ്ഥാപനമല്ലെന്നും കോടതി പറഞ്ഞു. ഹരജി ബുധനാഴ്ച്ച വീണ്ടും പരിഗണിക്കും.

കര്‍ഷകര്‍ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലി നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് കേന്ദ്ര സര്‍ക്കാര്‍ ദല്‍ഹി പൊലീസ് മുഖേന സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തുന്ന സമരം തടയണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്.

എന്നാല്‍ റിപ്പബ്ലിക് ദിനത്തില്‍ നടക്കുന്ന ട്രാക്ടര്‍ റാലി ദല്‍ഹി-ഹരിയാണ അതിര്‍ത്തിയില്‍ മാത്രമായിരിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ പറഞ്ഞിട്ടുണ്ട്. ചെങ്കോട്ടയില്‍ സമരം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും റിപ്പബ്ലിക് ദിന പരേഡിനെ തടസ്സപ്പെടുത്തില്ലെന്നും കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here