ബെയ്‌റൂത്ത് സ്‌ഫോടനത്തില്‍ നിന്ന് പിഞ്ചുകുഞ്ഞിനെ അത്ഭുതകരമായി രക്ഷപെടുത്തുന്ന കുടിയേറ്റ തൊഴിലാളി (വീഡിയോ)

0
193

ലെബനനിലെ ബെയ്റൂത്തില്‍ ഇന്നലെ നടന്ന ഇരട്ട സ്‌ഫോടനത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നുകൊണ്ടിരുക്കുന്നത്. കാണുന്നവരുടെ കണ്ണുനിറക്കുന്നതും ഭീതി ജനിപ്പിക്കുന്നതുമായ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അതില്‍ ഏറ്റവും ഹൃദയസ്പര്‍ശിയായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ബെയ്റൂത്തില്‍ സ്‌ഫോടനം നടക്കുമ്പോള്‍ മനസു പതറാതെ പിഞ്ചു കഞ്ഞിനെ രക്ഷിക്കുന്ന കുടിയേറ്റ തൊഴിലാളിയുടെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

ഒരു ഡേ കെയര്‍ സെന്‍ററില്‍ ജോലി ചെയ്യുന്ന തൊഴിലാളിയാണ് ഈ ധീരവനിത. റൂം വൃത്തിയാക്കുന്ന തിരക്കിലായിരുന്ന സ്ത്രീയുടെ അടുത്ത് ഒരു കൊച്ചു പെണ്‍കുട്ടി ഇരുന്ന് കളിക്കുന്നുണ്ടായിരുന്നു. സ്‌ഫോടനത്തിന് തൊട്ട് മുന്‍പ് ഈ പെണ്‍കുട്ടി ജനാലയുടെ സമീപത്തേക്ക് വരുന്നത് ദൃശ്യങ്ങളില്‍ നിന്ന് കാണാം. തൊട്ടടുത്ത നിമിഷം സ്‌ഫോടനം നടന്നു. മനസാന്നിധ്യം കൈവിടാതെ സ്ത്രീ പെട്ടെന്ന് തന്നെ കുഞ്ഞിനെയും എടുത്തുകൊണ്ട് അകത്തേക്കോടി. കൃത്യസമയത്ത് ഇടപെട്ടില്ലായിരുന്നെങ്കില്‍ ജനല്‍ ചില്ലുകള്‍ കുഞ്ഞിന് മുകളില്‍ പതിച്ചേനെയെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ബെയ്‌റൂത്ത് നഗരത്തെ മുഴുവൻ പിടിച്ചുകുലുക്കിയ കൂറ്റൻ സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഇതുവരെ കിട്ടുന്ന റിപ്പോര്‍ട്ട് അനുസരിച്ച് നൂറു കവിഞ്ഞു. നാലായിരത്തോളം പേർക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്‌ഫോടക വസ്തുക്കളുടെ കൂറ്റൻ ശേഖരത്തിന് തീപിടിച്ചാണ് സ്‌ഫോടനമുണ്ടായത് എന്നാണ് പ്രാഥമിക നിഗമനം. 2,750 ടൺ അമോണിയം നൈട്രേറ്റ് യാതൊരുവിധ സുരക്ഷ സംവിധാനങ്ങളുമില്ലാതെ ആറുവർഷത്തോളം ഈ കെട്ടിടത്തിൽ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും ഇതാണ് സഫോടനത്തിന് കാരണമെന്നും ലെബനോൺ പ്രസിഡന്‍റ് മിഷേൽ ഔൺ പറഞ്ഞു. മൂന്നു ലക്ഷത്തോളം പേർക്ക് താമസസ്ഥലം നഷ്ടമായി. ബെയ്‌റൂത്ത് നഗരത്തിന്‍റെ പകുതി ഭാഗത്തും സ്‌ഫോടനം നാശനഷ്ടമുണ്ടാക്കിയെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍.

LEAVE A REPLY

Please enter your comment!
Please enter your name here