ഒടുവില്‍ മൗനം വെടിഞ്ഞ് സൗദി; ഫലസ്തീനുമായി സമാധാനത്തിലാവാതെ ഇസ്രഈലുമായി ബന്ധമില്ല

0
226

റിയാദ്: ഫലസ്തീനുമായി അന്താരാഷ്ട്ര നയ പ്രകാരമുള്ള സമാധാന ഉടമ്പടിയിലെത്താതെ ഇസ്രഈലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് അറിയിച്ച് സൗദി അറേബ്യ. യു.എ.ഇ – ഇസ്രഈല്‍ സമാധാന പദ്ധതിക്കു പിന്നാലെ ഇതേ പാതയിലേക്ക് സൗദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ പോവാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെയാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്റെ പ്രതികരണം.

യു.എ.ഇ- ഇസ്രഈല്‍ സമാധാന പദ്ധതിക്ക് ധാരണയായി ദിവസങ്ങള്‍ പിന്നിട്ടിട്ടും സൗദി ഇക്കാര്യത്തില്‍ മൗനം തുടരുകയായിരുന്നു. ഫലസ്തീനുമായുള്ള സമാധാനം എല്ലാ വിധത്തിലും സാധ്യമായാല്‍ ഇസ്രഈലുമായുള്ള ബന്ധത്തിന് സാധ്യത നോക്കാമെന്നും സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു.

‘ പിടിച്ചെടുക്കല്‍ ഭീഷണി തടയുന്ന ഏത് ശ്രമവും ശുഭാപ്തിയോടെ കാണാവുന്നതാണ്,’ സൗദി വിദേശ കാര്യ മന്ത്രി പറഞ്ഞു.

വെസ്റ്റ് ബാങ്കിലേക്കുള്ള ഏകപക്ഷീയ നയങ്ങള്‍, പിടിച്ചെടുക്കല്‍ എന്നിവ നിയമവിരുദ്ധമാണെന്നും ഇസ്രഈല്‍-ഫലസ്തീന്‍ ദ്രിരാഷ്ട്ര പരിഹാരത്തിന് ഇത് ഹാനികരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേ സമയം യു.എ.ഇക്കു സമാനമായി സൗദിയും ഇസ്രഈലുമായി ബന്ധം സ്ഥാപിക്കുമെന്നാണ് പ്രതീക്ഷയെന്നാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യാഴാഴ്ച പ്രസ് കോണ്‍ഫറന്‍സില്‍ പറഞ്ഞത്.

ഇതിനിടെ ഒമാനും ബഹ്റിനും ഇസ്രഈലുമായ ഔദ്യോഗിക നയതന്ത്ര ബന്ധത്തിലേക്ക് കടക്കുകയാണെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. യു.എ.ഇ-ഇസ്രഈല്‍ ധാരണയ്ക്ക് പിന്നാലെ അടുത്ത മൂന്നാഴ്ചക്കുള്ളില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ വൈറ്റ് ഹൗസില്‍ വെച്ച് കൂടിക്കാഴ്ച നടത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള വിമാന സര്‍വീസുകള്‍, സുരക്ഷ, ടെലി കമ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ വിവിധ കരാറുകളില്‍ ഒപ്പു വെക്കും.

LEAVE A REPLY

Please enter your comment!
Please enter your name here