വായ്പയെടുക്കാൻ പോയ ചായക്കടക്കാരന് ’50 കോടിയുടെ ഷോക്ക്’, ബാങ്കിന്റെ മറുപടി കേട്ട് അന്തംവിട്ട് കച്ചവടക്കാരൻ

0
207

ചണ്ഡീഗഡ്: കോവിഡ് പ്രതിസന്ധി കാരണം വ്യാപാരം മോശമായതോടെ വായ്പ തേടി ബാങ്കിനെ സമീപിച്ച ചായക്കടക്കാരനെ ഞെട്ടിച്ച് ബാങ്കിന്റെ മറുപടി. ലോണിനുള്ള അപേക്ഷ നിരസിക്കുക മാത്രമല്ല ബാങ്കിന് 50 കോടി നൽകാനുണ്ടെന്നും പറഞ്ഞ് നോട്ടീസ് നൽകുകയും ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം.

കോവിഡ് കാരണം ജീവിതം വഴിമുട്ടിയ ചായക്കടക്കാരൻ രാജ്കുമാറിനെ 50 കോടിയുടെ കടക്കാരനാക്കിയിരിക്കുകയാണ് ബാങ്ക്. അതേക്കുറിച്ച് രാജ്കുമാർ പറയുന്നതിങ്ങനെ-

”കോവിഡ് കാരണം വ്യാപാരം തകർന്നടിഞ്ഞതോടെയാണ് വായ്പ തേടി ബാങ്കിനെ സമീപിച്ചത്. ബാങ്ക് എന്റെ അപേക്ഷ നിരസിച്ചു. അതിന് പറഞ്ഞ കാരണം ഞാൻ 50 കോടി ബാങ്കിന് നൽകാനുണ്ടെന്നാണ്. സത്യമായും 50 കോടിയുടെ വായ്പ ഞാൻ എടുത്തിട്ടില്ല. ഇതെങ്ങനെ സംഭവിച്ചുവെന്ന് എനിക്ക് അറിയില്ല”

റോഡരികിൽ ചായ വിറ്റാണ് ജീവിച്ചിരുന്നത്. വേറെ വഴില്ലാത്തതിനാലാണ് വേറെ എന്തെങ്കിലും വ്യാപാരം തുടങ്ങാമെന്ന് കരുതിയത്. ബാങ്കിൽ ചെന്നപ്പോൾ ആധാർ ഉൾപ്പെടെയുള്ള രേഖകൾ കാണിക്കാൻ ആവശ്യപ്പെട്ടു. തനിക്ക് മുമ്പ് അനുവദിച്ച വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ വീണ്ടും വായ്പ അനുവദിക്കാനാകില്ലെന്നാണ്‌ ബാങ്ക് അധികൃതര്‍ പറഞ്ഞത്. തന്റെ പേരിൽ ആര് ആർക്ക് എപ്പോഴാണ് ലോൺ നൽകിയതെന്ന് അറിയില്ല. താൻ പോലുമറിയാതെ കടക്കാരനായത് എങ്ങനെയെന്നും എങ്ങനെ ഈ പ്രതിസന്ധിയിൽ നിന്നും രക്ഷപ്പെടുമെന്നും അറിയാതെ മാനസിക സംഘർഷത്തിലാണ് രാജ്കുമാർ.

സംഭവം സോഷ്യൽ മീഡിയയിലെത്തിയതോടെ പലവിധത്തിലുള്ള പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. ചിലർ ഇത് ബാങ്കിന്റെ ഭാ​ഗത്തുനിന്നുണ്ടായ സാങ്കേതിക പിഴവാണെന്നും ബാങ്ക് ഉടൻ തന്നെ ഇക്കാര്യം പരിഹരിക്കുമെന്നും വിശ്വസിക്കുന്നു. വേറെ ചിലരാകട്ടെ രാജ്കുമാറിന്റെ പേരിൽ മറ്റാരോ തട്ടിപ്പ് നടത്തിയതാണെന്ന് അഭിപ്രായപ്പെടുന്നു. സംഭവത്തെ കുറിച്ച് സമ​ഗ്രമായ അന്വേഷണം നടത്തി തട്ടിപ്പുകാരെ അറസ്റ്റ് ചെയ്യണമെന്നും ഇവർ ആവശ്യപ്പെടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here