കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി ഉപ്പള സ്വദേശി അറസ്റ്റില്‍, ഓടിരക്ഷപ്പെട്ട യുവാവിനെ തിരയുന്നു

0
172

കാസർകോട്:‌ (www.mediavisionnews.in)  കാറില്‍ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. ഒപ്പമുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു. ഇയാളെ പൊലീസ് അന്വേഷിച്ചു വരികയാണ്. ഉപ്പള പത്വടിയിലെ അബ്ദുല്‍ റൗഫ് എന്ന ടപ്പു റൗഫ് (33)ആണ് അറസ്റ്റിലായത്. ഓടി രക്ഷപ്പെട്ട ഉപ്പളയിലെ മുഹമ്മദ് നവാസിനെയാണ് പൊലീസ് അന്വേഷിക്കുന്നത്.

കാസര്‍കോട് എസ്.ഐ. പി. നളിനാക്ഷന്റെ നേതൃത്വത്തില്‍ ഇന്നലെ രാത്രി എരിയാല്‍ പാലത്തിന് സമീപം നടത്തിയ പരിശോധനക്കിടെ കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. പിന്തുടര്‍ന്ന പൊലീസ് അടുക്കത്ത്ബയലിന് സമീപം ജീപ്പ് കാറിന് കുറുകെയിടുകയായിരുന്നു. അതിനിടെയാണ് നവാസ് ഓടി രക്ഷപ്പെട്ടത്. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സമീപത്തെ കള്‍വര്‍ട്ടില്‍ വീണ അബ്ദുല്‍ റൗഫിനെ പിടികൂടുകയായിരുന്നു. വീഴ്ചയില്‍ കാലിന് പരിക്കേറ്റ റൗഫിനെ കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

റൗഫിന്റെ പോക്കറ്റില്‍ ഉണ്ടായിരുന്ന 1.08 ഗ്രാം എം.ഡി.എം.എ. മയക്ക് മരുന്നാണ് പിടിച്ചത്. ഓടി രക്ഷപ്പെട്ട നവാസിന്റെ കൈവശം കൂടുതല്‍ മയക്കുമരുന്ന് ഉണ്ടായിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. കാറില്‍ നിന്ന് ഒരു കത്തിയും കണ്ടെടുത്തിട്ടുണ്ട്.

മയക്കുമരുന്ന് വിതരണ ശൃംഖലയിലെ പ്രധാന കണ്ണിയാണ് റൗഫ് എന്നാണ് സംശയിക്കുന്നത്. നേരത്തെ മംഗലാപുരത്ത് വെച്ച് മയക്കുമരുന്നും ഗണ്ണുമായി റൗഫ് പിടിയിലായിരുന്നു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here