ഉപ്പളയില്‍ യുവാവിനെ കാര്‍ തടഞ്ഞ് സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി തലതല്ലിപ്പൊട്ടിച്ചു

0
180

മഞ്ചേശ്വരം: (www.mediavisionnews.in) മഞ്ചേശ്വരത്ത് ഗുണ്ടാസംഘങ്ങളും കവര്‍ച്ചാ സംഘങ്ങളും അഴിഞ്ഞാടുന്നു. യുവാവിനെ കാര്‍ തടഞ്ഞുനിര്‍ത്തി കൂട്ടിക്കൊണ്ടുപോയി തല തല്ലിപ്പൊട്ടിച്ചു. കാര്‍ തകര്‍ത്തു. മിയാപദവിലെ അബ്ദുല്‍റഹീ(38)മിനെയാണ് പരിക്കേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെ ഉപ്പളയില്‍ സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് റഹീമിനെ നാലംഗ സംഘം തടഞ്ഞുനിര്‍ത്തിയത്. ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ജോഡ്ക്കല്‍ ബടന്തൂരിലെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയും കാനറിനകത്ത് വെച്ച് ക്രൂരമായി മര്‍ദ്ദിച്ചുവെന്നുമാണ് പരാതി. സംഘത്തിലെ ഒരാള്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് റഹീമിന്റെ തലക്കടിക്കുകയായിരുന്നു. കാര്‍ തല്ലിത്തകര്‍ത്ത ശേഷം സംഘം മറ്റൊരു വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നുവത്രെ. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസെത്തിയാണ് റഹീമിനെ ആസ്പത്രിയില്‍ എത്തിച്ചത്. അക്രമിസംഘം പല അക്രമകേസുകളിലും മയക്കുമരുന്നുകേസുകളിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

15 ദിവസം മുമ്പ് ഒരു യുവാവിനെ തോക്കൂചൂണ്ടി കാറില്‍ തട്ടിക്കൊണ്ടുപോയി കാല്‍ തല്ലിയൊടിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് റഹീമിനെ മര്‍ദ്ദിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുഞ്ചത്തൂരില്‍ സ്റ്റുഡിയോയ്ക്ക് പെട്രോളൊഴിച്ച് തീകൊളുത്തുകയും രണ്ടാഴ്ച മുമ്പ് കുഞ്ചത്തൂരിലെ ഗള്‍ഫുകാരന്റെ വീടിന്റെ വാതില്‍ തകര്‍ത്ത് 34 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്യുകയുമുണ്ടായി. രണ്ടാഴ്ച മുമ്പ് ബേക്കൂരിലെ കോഴിഫാം ഉടമ ഗഫൂറിലെ കാറില്‍ തട്ടിക്കൊണ്ടുപോയി കാല്‍ തല്ലിയൊടിക്കുകയും 51,000 രൂപ വാങ്ങിയ ശേഷം വിട്ടയക്കുകയും ചെയ്തിരുന്നു.

കവര്‍ച്ച, ഗുണ്ടാസംഘങ്ങളും കഞ്ചാവ്, ലഹരി മരുന്ന് മാഫിയകളും പൊലീസിനേയും നാട്ടുകാരേയും നോക്കുകുത്തിയാക്കി അഴിഞ്ഞാടുകയാണ്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും മറ്റൊരു ഭാഗത്ത് ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുന്നത് പൊലീസിന് തലവേദന സൃഷ്ടിക്കുകയാണ്. പട്ടാപ്പകലിലാണ് പല കുറ്റകൃത്യങ്ങളും നടക്കുന്നത്. മിയാപദവ്, മജിര്‍പള്ളം, മൊര്‍ത്തണ എന്നീ പ്രദേശങ്ങള്‍ ഇത്തരം മാഫിയകളുടെ താവളമായി മാറിയിരിക്കുകയാണ്. രണ്ട് സംഘങ്ങളിലായി 35ല്‍പരം യുവാക്കളാണത്രെ ഉള്ളത്. ഇവരില്‍ പലരും ഒന്നിലേറെ കേസുകളില്‍ പ്രതികളാണ്. ഇവര്‍ക്കെതിരെ പരാതി നല്‍കിയാല്‍ വീടുകയറി അക്രമിക്കുന്നതും ആളുകള്‍ നോക്കിനില്‍ക്കെ അക്രമിക്കുന്നതുമൊക്കെ പതിവ് കാഴ്ചയാണ്.

ഉപ്പളയിലേയും മഞ്ചേശ്വരത്തേയും ഗുണ്ടാസംഘങ്ങളെ പിടികൂടാന്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ പത്തംഗ പൊലീസ് സ്‌ക്വാഡ് രൂപീകരിക്കാന്‍ മുന്‍ ജില്ലാ പൊലീസ് മേധാവി തീരുമാനിച്ചിരുന്നുവെങ്കിലും അദ്ദേഹം മാറിയതോടെ തുടര്‍ തീരുമാനങ്ങളൊന്നുമുണ്ടായില്ല. ഗുണ്ടാ സംഘങ്ങളെ നിയന്ത്രിക്കാന്‍ മൊര്‍ത്തണക്കും മജിര്‍പള്ളക്കും ഇടയില്‍ പൊലീസ് എയ്ഡ്‌പോസ്റ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here