3 മാസത്തേയ്ക്ക് ഇഎംഐ അടയ്ക്കണ്ട; ആർബിഐ നയം വിപണിക്കും നേട്ടം

0
158

കൊച്ചി: (www.mediavisionnews.in) കൊച്ചി∙ കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നയ പ്രഖ്യാപനം ഓഹരി വിപണിക്ക് നേട്ടമായി. വിപണി പ്രതീക്ഷിച്ചതിനെക്കാൾ മികച്ച നടപടിയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. സമീപനാളുകളിൽ കോർപ്പറേറ്റ് ബോണ്ട് മാർക്കറ്റിലും ബാങ്കിങ് മേഖലയിലുമുണ്ടായിരുന്ന പണ ലഭ്യതയിലെ കുറവിന് പരിഹാരമുണ്ടാക്കുന്ന നടപടികളും ആർബിഐ പ്രഖ്യാപിച്ചു. ബാങ്കുകളുടെ കരുതൽ ധനഅനുപാതം നാലു ശതമാനത്തിൽ നിന്ന് മൂന്നു ശതമാനമാക്കി കുറയ്ക്കുകയും ചെയ്തു.

ആർബിഐ നടപടികളിലൂടെ ഏകദേശം 3.75 ലക്ഷം കോടിയുടെ പണ ലഭ്യത പുതുതായി വിപണിയിലുണ്ടാകുമെന്ന. ഇതാണ് ധനകാര്യമേഖലയ്ക്കു ഗുണകരമാകുക. ഉപഭോക്താക്കളെ സംബന്ധിച്ച് പലിശ നിരക്കുകളിൽ ഗുണകരമായ നിലപാടും ആർബിഐ കൈക്കൊണ്ടു. റീപ്പോ നിരക്കുകളിൽ .75 ശതമാനത്തിന്റെ കുറവ് വരുത്തിയ ആർബിഐ നടപടിയാണ് ഗുണകരമാകുക. ഇത് അധികം വൈകാതെ വിപണിയിൽ പലിശ നിരക്കുകൾ കുറയ്ക്കുവാൻ കാരണമാകുമെന്നാണ് വിലയിരുത്തൽ.

ഓഹരി വിപണിയുടെ ചലനങ്ങളെ വളരെ മികച്ച തരത്തിൽ സഹായിക്കുന്ന ഒരു പ്രഖ്യാപനവും ആർബിഐ നടത്തി. എല്ലാ വിധത്തിലുമുള്ള ബാങ്കുകളുടെ ടേം ലോണുകൾക്ക് മൂന്നു മാസത്തെ മോറട്ടോറിയം ഏർപ്പെടുത്തിയ പ്രഖ്യാപനമാണത്. കമ്പനികളുടെ വർക്കിങ് ക്യാപിറ്റൽ ലോണുകൾക്കും തിരിച്ചടവിന് മൂന്നു മാസത്തേയ്ക്ക് സാവകാശം നൽകി. വീട് ലോൺ, കാർലോൺ തുടങ്ങി എല്ലാ ഉപഭോക്ത‌ ലോണുകൾക്കും മൂന്നു മാസത്തെ മോറട്ടോറിയം പ്രഖ്യാപിച്ചു. ഈ നിലയിലുള്ള എല്ലാ ഇഎംഐകളും മൂന്നുമാസത്തേയ്ക്ക് അടയ്ക്കേണ്ടതില്ല. ഇതെല്ലാം വിപണിയുടെ മൊത്തത്തിലുള്ള സെന്റിമെന്റിനെ മാറ്റാൻ സഹായിക്കുന്നതാണ്.

ഇന്ത്യൻ സാമ്പത്തിക സംവിധാനത്തെ പിന്തുണയ്ക്കാനായി അടിയന്തര സാഹചര്യത്തിൽ ആർബിഐ ഏത് തലം വരെയും പോകാൻ തയാറാണ് എന്നതാണ് ഇത്ര ശക്തമായ പല നടപടികൾ വെളിപ്പെടുത്തുന്നത്. ഈ ഒരു സന്ദേശം ഏറെ ശുഭപ്രതീക്ഷയോടെയാണ് സമ്പദ് വ്യവസ്ഥയും പൊതുവേ സാമ്പത്തികരംഗവും ഉൾക്കൊളളുന്നതെന്ന് ചോയ്സ് ബ്രോക്കിങ് വൈസ് പ്രസിഡന്റ് ബിനു ജോസഫ് വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here