യാത്രാ വിലക്ക്; പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഖത്തർ തൊഴിൽ മന്ത്രാലയം

0
204

ദോഹ: (www.mediavisionnews.in) ഖത്തറിലേക്ക് യാത്രാ വിലക്ക് നേരിടുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി ഖത്തർ തൊഴിൽ മന്ത്രാലയം. നാട്ടിലുള്ള ഖത്തർ പ്രവാസികളുടെ ഐഡി കാലാവധി തീർന്നാലും യാത്രാ വിലക്ക് നീങ്ങുന്ന മുറക്ക്‌ രാജ്യത്തേക്ക്‌‌ തിരികെ പ്രവേശിക്കാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. ഖത്തറിനു പുറത്ത്‌ ആറുമാസത്തിലധികം താമസിക്കേണ്ടി വരുന്ന പ്രവാസികൾക്കും ഈ ആനുകൂല്യം ലഭിക്കും.

വിലക്ക് ഏർപ്പെടുത്തുന്നതിന് മുമ്പായി അവധിക്കായി നാട്ടിൽ പോയവർക്കും ഐഡി കാലാവധി തീർന്ന് ആശങ്കയിലായവർക്കും തീരുമാനം വലിയ ആശ്വാസമാകും. ഖത്തറിലെ വിസാനിയമപ്രകാരം കാലാവധി അവസാനിച്ച ഐഡിയുമായി ഖത്തറിലേക്ക്‌ പ്രവേശനം അനുവദിച്ചിരുന്നില്ല. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഖത്തറിലേക്ക് താത്കാലികമായി പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്.

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ സിനിമ തിയറ്ററുകൾ, ജിംനേഷ്യം, വിവാഹ കേന്ദ്രങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ തുടങ്ങിയവ അടച്ചിടാൻ ഉത്തരവ്. മാളുകളിലും ഹോട്ടലുകളിലുമുള്ള ഇത്തരം കേന്ദ്രങ്ങൾക്കും ഉത്തരവ് ബാധകമാണ്. അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ നിയന്ത്രണം തുടരും. ഇതിന് പുറമെ ആളുകൾ ഒത്തുകൂടുന്ന എല്ലാ ചടങ്ങുകളും പരമാവധി ഒഴിവാക്കണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.ഇതോടൊപ്പം രാജ്യത്തെ മുഴുവൻ തൊഴിലാളി താമസ കേന്ദ്രങ്ങളിലും തൊഴിൽ വികസന കാര്യ മന്ത്രാലയം പരിശോധന നടത്തും. രോഗം തടയുന്നതിനാവശ്യമായ ശുചീകരണ പ്രവർത്തങ്ങൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here