ചാനല്‍ വിലക്കില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി ജാവദേക്കര്‍

0
121

ന്യൂഡല്‍ഹി: (www.mediavisionnews.in) ഏഷ്യാനെറ്റ് ന്യൂസ്, മീഡിയവണ്‍ ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നടപടിയില്‍ വിശദീകരണവുമായി കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍. മോദി സര്‍ക്കാര്‍ മാധ്യമസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് അദ്ദേഹം പ്രതികരിച്ചു.

“രണ്ടു കേരള ടിവി ചാനലുകള്‍ 48 മണിക്കൂര്‍ നേരത്തേക്കു നിരോധിച്ചു. എന്താണു സംഭവിച്ചതെന്നു വളരെ പെട്ടെന്നുതന്നെ ഞങ്ങള്‍ കണ്ടെത്തി. അതിനാല്‍ ചാനലുകള്‍ പെട്ടെന്നുതന്നെ പുനഃസ്ഥാപിച്ചു. മാധ്യമസ്വാതന്ത്ര്യം ജനാധിപത്യ സംവിധാനത്തിന് അത്യന്താപേക്ഷിതമാണെന്നാണ് അടിസ്ഥാനപരമായി ഞങ്ങള്‍ കരുതുന്നത്.

ഇതാണ് മോദി സര്‍ക്കാരിന്റെ പ്രതിബദ്ധത. മാധ്യമസ്വാതന്ത്ര്യം ചവിട്ടയരയ്ക്കപ്പെട്ട അടിയന്തരാവസ്ഥയ്ക്കെതിരെ പോരാടിയവരാണ് ഞങ്ങള്‍. അതിനാല്‍ പ്രധാനമന്ത്രി മോദി വരെ ആശങ്ക അറിയിച്ചിരുന്നു. എന്തെങ്കിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതു കൂടുതല്‍ പരിശോധിച്ച് നടപടികള്‍ എടുക്കും. ഇത് ഉത്തരവാദിത്തമുള്ള സ്വാതന്ത്ര്യമാണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.” പ്രകാശ് ജാവദേക്കര്‍ വിശദീകരിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ഏഴരയ്ക്കാണ് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്‍ ചാനലിനും 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രനടപടി ഉണ്ടായത്. ഡല്‍ഹി കലാപത്തെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു നടപടി. എന്നാല്‍ ശനിയഴ്ച പുലര്‍ച്ചയോടെ ഏഷ്യാനെറ്റിന്റേയും രാവിലെ 9.30ഓടെ മീഡിയ വണ്ണിന്റേയും നിരോധനം നീക്കി.

LEAVE A REPLY

Please enter your comment!
Please enter your name here