ജാർഖണ്ഡ് പിടിച്ചെടുത്ത് മഹാസഖ്യം, 45 സീറ്റിൽ വിജയം ഉറപ്പിച്ചു, ബി.ജെ.പിക്ക് 25

0
149

ജാർഖണ്ഡ് (www.mediavisionnews.in): ജാര്‍ഖണ്ഡില്‍ മഹാസഖ്യം ഭൂരിപക്ഷം ഉറപ്പിച്ചു. ആകെയുള്ള 81 സീറ്റുകളിൽ ജെ എം എം , കോൺഗ്രസ്, ആർ ജെ ഡി സഖ്യം 45 സീറ്റുകളിൽ വ്യക്തമായ ആധിപത്യം നേടി ഭരണം ഉറപ്പിച്ചു. ജെ എം എം നേതാവും മുൻ മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ ജാർഖണ്ഡിലെ അടുത്ത മുഖ്യമന്ത്രിയാകും.

ബി.ജെ.പിയുടെ സീറ്റ് 25- ലേക്ക് ചുരുങ്ങിയിട്ടുണ്ട്. നാല് സീറ്റില്‍ എ.ജെ.എസ്.യുവും മൂന്ന് സീറ്റില്‍ ജെ.വി.എമ്മും മുന്നേറുമ്പോള്‍ നാല് സീറ്റില്‍ മറ്റുള്ളവര്‍ മുന്നിലാണ്.വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടന്നപ്പോഴാണ് മഹാസഖ്യം വന്‍കുതിപ്പ് നടത്തിയത്. 40 സീറ്റില്‍ നിന്നും താഴേക്ക് പോകാതെയാണ് മഹാസഖ്യം ലീഡ് നിലനിര്‍ത്തുന്നത്. എന്നാല്‍ ഒരു ഘട്ടത്തില്‍ 33 സീറ്റിൽ ലീഡ് നേടിയ ബി.ജെ.പിക്ക് പക്ഷെ ഒരുഘട്ടത്തിൽ പോലും മഹാസഖ്യത്തെ മറികടക്കാന്‍ സാധിച്ചിരുന്നില്ല.

ബി ജെ പിക്ക് കനത്ത ആഘാതമായത് മുഖ്യമന്ത്രി രഘുബർ ദാസ് പിന്നിലായതാണ്. മൂവായിരത്തോളം വോട്ടുകൾക്ക് അദ്ദേഹം പിന്നിലാണെന്നാണ് ഏറ്റവും ഒടുവിൽ പുറത്തു വന്നിട്ടുള്ള വിവരം. അദ്ദേഹം മത്സരിക്കുന്ന ജംഷഡ്‌പൂർ ഈസ്റ്റ് നിയോജക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി സരയു റായി ആണ് മുന്നിട്ട് നില്‍ക്കുന്നത്. സംസ്ഥാനത്ത ബിജെപി കനത്ത പരാജയം നേരിടുമ്പോൾ മുഖ്യമന്ത്രി പോലും പിന്നിലായിരിക്കുന്നത് വലിയ നാണക്കേടായിട്ടുണ്ട്. ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും ബിജെപി സർക്കാർ രൂപീകരിക്കുമെന്നും അവകാശവാദമുന്നയിച്ചതിന് തൊട്ടു പിന്നാലെയാണ് രഘുബർ ദാസ് പിന്നിലാണെന്ന് വാർത്ത പുറത്തു വന്നത്.

അതേസമയം, ജെ എം എം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ രണ്ടു മണ്ഡലങ്ങളിലും മുന്നിലാണ്. ബാർഹേത് മണ്ഡലത്തിലും ധുംക മണ്ഡലത്തിലും അദ്ദേഹത്തിന് വ്യക്തമായ ലീഡ് നേടാനായി.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി ജെ പി 37 സീറ്റാണ് നേടിയിരുന്നത്. ഇത്തവണ ആദിവാസി, ഗോത്ര മേഖലകളിൽ ബി ജെ പിക്ക് കനത്ത ആഘാതമാണ് ഏറ്റിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്ക് മുമ്പ് തിരഞ്ഞെടുപ്പ് കഴിഞ്ഞതു കൊണ്ട് ബിജെപിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞു എന്ന് പറയാം. വിജയം ആഘോഷിച്ച് ഡൽഹിയിൽ എ ഐ സി സി ആസ്ഥാനത്തിന് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here