ഇടതുമുന്നണിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണം; പശ്ചിമ ബംഗാളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് സോണിയ; നിര്‍ണായക നീക്കം

0
171

ന്യൂദല്‍ഹി (www.mediavisionnews.in):പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരായ പോരാട്ടത്തില്‍ ഇടതുമുന്നണിയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.

പശ്ചിമ ബംഗാള്‍ യൂണിറ്റ് നേതാക്കളോടാണ് സോണിയാ ഗാന്ധി ഇക്കാര്യം ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അബ്ദുള്‍ മന്നന്‍ വ്യക്തമാക്കി.

വ്യാഴാഴ്ച വൈകുന്നേരം സോണിയാ ഗാന്ധിയുമായി ദല്‍ഹിയിലെ വസതിയില്‍ അദ്ദേഹം രണ്ട് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു.

നിലവില്‍ ഇടതുമുന്നണിയുമായുള്ള സഖ്യം രാഷ്ട്രീമായി വളരെ പ്രധാന്യമര്‍ഹിക്കുന്നതാണെന്നാണും ബംഗാളില്‍ പാര്‍ട്ടിക്കുള്ള സ്വാധീനം നഷ്ടമാകുകയാണെന്നും ബി.ജെ.പിയുടെ ശക്തികേന്ദ്രമായി പശ്ചിമ ബംഗാള്‍ മാറുകയാണെന്നുമാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിക്കുന്നത്.

നിലവിലെ രാഷ്ട്രീയ സാഹചര്യം സോണിയ ഗാന്ധി ജിയുമായി ഞങ്ങള്‍ ചര്‍ച്ച ചെയ്തു. സംസ്ഥാനത്ത് ഇടത് മുന്നണി-കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ചുള്ള പൊതുജനാഭിപ്രായം ആരായുന്നതിനായി സംയുക്ത യോഗങ്ങള്‍ ചേരാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടു.

ബി.ജെ.പിക്കും തൃണമൂലിനുമെതിരെ സംസ്ഥാനത്ത് ഇടതുമുന്നണിയുമായി സംയുക്ത പ്രസ്ഥാനങ്ങള്‍ ഉണ്ടാക്കാനും സോണിയാ ജി ആവശ്യപ്പെട്ടും- മന്നന്‍ പറഞ്ഞു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ഇടത് കോണ്‍ഗ്രസ് സഖ്യം നിലനിന്നിരുന്നെങ്കില്‍ ബംഗാളിലെ രാഷ്ട്രീയ സ്ഥിതി വ്യത്യസ്തമാകുമായിരുന്നുവെന്നും ബി.ജെ.പിക്ക് ഒരിക്കലും സംസ്ഥാനത്ത് സീറ്റുകള്‍ ലഭിക്കുമായിരുന്നില്ലെന്നും ചര്‍ച്ചക്കിടെ സോണിയാ ജി പറഞ്ഞതായും മന്നന്‍ വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ മോശം പ്രകടനം കണക്കിലെടുത്ത് സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി കോണ്‍ഗ്രസ്- ഇടത് സഖ്യം ശക്തിപ്പെടുത്തണമെന്ന നിര്‍ദേശം പശ്ചിമബംഗാള്‍ പി.സി.സി അധ്യക്ഷന്‍ സോമെന്‍ മിത്രയുമായി ആഗസ്റ്റില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ തന്നെ സോണിയ മുന്നോട്ടു വെച്ചിരുന്നു.

പശ്ചിമബംഗാളിലെ മൂന്ന് അസംബ്ലി സീറ്റുകളിലേക്കായി നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ഇടത് സഖ്യത്തിന് ഇരുപാര്‍ട്ടികളും തയ്യാറെടുത്തിരുന്നു.

വടക്കന്‍ ദിനാജ്പൂര്‍ ജില്ലയിലെ കലിയഗഞ്ച് സീറ്റിലും വെസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ ഖരഗ്പൂരിലും കോണ്‍ഗ്രസ് ആണ് മത്സരിക്കുന്നത്.
സി.പി.ഐ.എം നേതൃത്വത്തിലുള്ള ലെഫ്റ്റ് ഫ്രണ്ട് നാദിയ ജില്ലയിലെ കരിംപൂര്‍ സീറ്റിലും മത്സരിക്കും.

സിറ്റിംഗ് കോണ്‍ഗ്രസ് എംഎല്‍എ പരമതനാഥ് റോയിയുടെ മരണത്തെത്തുടര്‍ന്ന് കാലിയഗഞ്ച് സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും സി.പി.ഐ.എമ്മും ഒരുമിച്ച് മത്സരിച്ചിരുന്നെങ്കിലും തൃണമൂലിന്റെ വലിയ നേട്ടത്തെ തടഞ്ഞു നിര്‍ത്താനായിരുന്നില്ല. എന്നാല്‍ സീറ്റ് പങ്കിടല്‍ ചര്‍ച്ചയുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യത്തെ തുടര്‍ന്ന് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാനുള്ള നീക്കം ഇരുപാര്‍ട്ടികളും ഉപേക്ഷിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ മാത്രം ലഭിച്ചപ്പോള്‍ ഇടതുമുന്നണിക്കാവട്ടെ അക്കൗണ്ട് തുറക്കാന്‍ പോലും സാധിച്ചില്ല. ബി.ജെ.പിയാകട്ടെ 42 ലോക്‌സഭാ സീറ്റുകളില്‍ 18 എണ്ണവും നേടി. തൃണമൂല്‍ കോണ്‍ഗ്രസ് 22 സീറ്റുകളും സ്വന്തമാക്കി.

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ അധികാരത്തില്‍ നിന്നും പുറത്താക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പിയും.

മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക

LEAVE A REPLY

Please enter your comment!
Please enter your name here