കടത്തനാട്ടിലും അടവ് പിഴക്കാതെ മുരളി; ജയരാജനെത്തിയിട്ടും വഴങ്ങാതെ വടകര

0
154

വടകര(www.mediavisionnews.in): ഇടത് കോട്ടയായിട്ട് പോലും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇടതിനോട് മുഖംതിരിഞ്ഞ് നിന്നിരുന്ന വടകരയെ ഇത്തവണ അടവുകള്‍ പതിനെട്ടും പയറ്റി തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു എല്‍.ഡി.എഫ്. കടത്തനാടന്‍ മണ്ണില്‍ പയറ്റിത്തെളിഞ്ഞെ അടവുകള്‍ക്ക് മൂര്‍ച്ച കൂട്ടി വടകര പിടിച്ചുനിര്‍ത്താന്‍ യു.ഡി.എഫ് ഒപ്പത്തിനൊപ്പം നിന്ന് പോരാടിയപ്പോള്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി മാറി വടകര. ഒരുലക്ഷത്തിലധികം വോട്ട് ലക്ഷ്യമിട്ട് ബി.ജെ.പിയും പ്രചാരണത്തില്‍ അണുവിട പിന്നോട്ട് പോവാതെ സജീവമായപ്പോള്‍ കടത്തനാടന്‍ മണ്ണ് മറ്റൊരു രാഷ്ട്രീയ പോരിനുകൂടി വേദിയായി. പക്ഷെ വോട്ടിംഗ് മെഷീന്‍ തുറന്നപ്പോള്‍ വടകര തിരിച്ചുപിടിക്കുക എന്ന ഇടതുപക്ഷത്തിന്റേയും സി.പി.എമ്മിന്റേയും സ്വപ്നം വീണ്ടും അഞ്ച് വര്‍ഷം അകലെയായി മാറിയിരിക്കുന്നു. കെ.മുരളീധരന്റെ വിജയം 84000 വോട്ടിന്റെ ഭൂരിപക്ഷത്തിനം മേല്‍.

സി.പി.എമ്മിന്റെ ഏറ്റവും ശക്തനായിരുന്ന ജില്ലാ സെക്രട്ടറി പി.ജയരാജനെ രംഗത്തിറക്കിയിട്ടും എല്‍.ജെ.ഡിയെ കൂടെ കൂട്ടിയിട്ടും വടകര തിരിച്ചുപിടിക്കാന്‍ ഇത്തവണയും ഇടതിന് കഴിഞ്ഞില്ല. എന്നുമാത്രമല്ല പാര്‍ട്ടി വോട്ടുകള്‍ പോലും കൃത്യമായി ജയരാജനെത്തിക്കുന്നതില്‍ സി.പി.എമ്മിന്റെ സംഘടനാ സംവിധാനത്തിന് കഴിഞ്ഞില്ല എന്നതാണ് തിരഞ്ഞെടുപ്പ് ഫലം പൂര്‍ത്തിയാകുമ്പോള്‍ മനസ്സിലാവുന്നത്.  കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാര്‍ഥിയായ വി.കെ സജീവന്‍ നേടിയ 76313 വോട്ടിനേക്കാള്‍ കൂടുതല്‍ വോട്ടാണ് ഇത്തവണ വടകരയില്‍ വി.കെ സജീവന്‍ പിടിച്ചെടുത്തത്. ഇതോടെ ബി.ജെ.പി വോട്ടുകള്‍ കൂട്ടത്തോടെ യു.ഡി.എഫിന് പോയി എന്ന സി.പി.എമ്മിന്റെ പ്രചാരണവും അസ്ഥാനത്തായി. അങ്ങനെവരുമ്പോള്‍ ഇടതുപക്ഷത്തിന്റെ ഈ വലിയ പരാജയത്തിന് കാരണമാര് എന്ന ചോദ്യം തന്നെയാവും വരും ദിവസങ്ങളിലും ഉയരുക.

സ്ഥാനാര്‍ഥി പ്രഖ്യാപന സമയം മുതല്‍ രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത മണ്ഡലമായിരുന്നു വടകര. കെ.മുരളീധരനെന്ന ശക്തനായ സ്ഥാനാര്‍ഥിയെ പി.ജയരാജനെതിരേ യു.ഡി.എഫ് രംഗത്തിറക്കിയതോടെയാണ് മണ്ഡലത്തിന്റെ രാഷ്ട്രീയ സാഹചര്യം അപ്പാടെ മാറിയത്. കൊലപാതക രാഷ്ട്രീയം വലിയ ചര്‍ച്ചയായ മണ്ഡലത്തില്‍ ഇതിനെ പ്രതിരോധിക്കാന്‍ കൊലപാതക രാഷ്ട്രീയത്തിന്റെ ഇരയെന്ന രീതിയില്‍ പി.ജയരാജന്‍ പ്രചാരണം നടത്തിയെങ്കിലും അതൊന്നും വിജയത്തിലേക്കുള്ള ചവിട്ടുപടിയായി മാറിയില്ല. എക്സിറ്റ് പോള്‍ ഫലങ്ങളിലും മുരളിക്ക് തന്നെയായിരുന്നു ജയം പ്രവചിച്ചിരുന്നത്. പക്ഷെ ഇത്രവലിയൊരു വിജയം മുരളി പോലും സ്വപ്‌നം കണ്ടിട്ടുപോലുമുണ്ടാവില്ല. വടകരയിലെ പ്രധാന ന്യൂനപക്ഷ മണ്ഡലങ്ങളായ നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര എന്നിവിടങ്ങളിലെല്ലാം വോട്ടിങ് ശതമാനം വലിയ തോതില്‍ വര്‍ധിച്ചപ്പോള്‍ത്തന്നെ യു.ഡി.എഫ് വിജയ പ്രതീക്ഷയിലായിരുന്നുവെങ്കിലും അത് ഇത്ര വലിയ വിജയം സമ്മാനിക്കുമെന്ന് കരുതിയില്ല. മാത്രമല്ല സി.പി.എം കോട്ടയായ കൂത്തുറമ്പില്‍ പി.ജയരാജന് മുന്നേറാന്‍ കഴിഞ്ഞില്ല. 

യു.ഡി.എഫിന് വടകരയില്‍ ഏക എം.എല്‍.എയുള്ള മണ്ഡലമാണ് കുറ്റ്യാടി. ഇവിടെ കഴിഞ്ഞ തവണത്തേതില്‍ നിന്നും വ്യത്യസ്തമായി 83.88 ശതമാനമാണ് പോളിങ് നടന്നത്.  കെ.മുരളീധരന് 83000-ല്‍ അധികം വോട്ടിന്റെ ലീഡും കുറ്റ്യാടി നല്‍കി. മറ്റ് പ്രധാന ന്യൂനപക്ഷ മണ്ഡലങ്ങളായ  നാദാപുരത്ത് 82.55 ശതമാനവും പേരാമ്പ്രയില്‍ 84.58 ശതമാനവും പോളിംഗ് നടന്നു. 85882 വോട്ടിന്റെ ലീഡാണ് നാദാപുരം നല്‍കിയത്. പേരാമ്പ്ര 80929 വോട്ടിന്റെ ലീഡും നല്‍കി. ഈ ന്യൂനപക്ഷ മേഖലകളില്‍ നിന്നും കെ. മുരളീധരന് ലഭിച്ച വോട്ടിന്റെ വര്‍ധവ് തന്നെയാണ് യു.ഡി.എഫിന്റെ വിജയമുറപ്പിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത്. തങ്ങളുടെ സ്വന്തം മണ്ഡലത്തേക്കാള്‍ കൂടുതല്‍ അഭിമാനമണ്ഡലം എന്ന രീതിയില്‍ ലീഗ് വടകരയെ കണ്ടതും പ്രചാരണത്തില്‍ സജീവമായി ഇടപെട്ടതും മൂലം ന്യൂനപക്ഷ വോട്ടുകള്‍ കൃത്യമായി മുരളിയിലേക്കെത്തിക്കാന്‍ സാധിച്ചുവെന്നുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് പുറമെ ആര്‍.എം.പിയുടെ പിന്തുണയോടെ പി.ജയരാജന്‍ വിരുദ്ധ വോട്ടുകള്‍ മുരളിയിലേക്കെത്തിക്കുന്നതിലും യു.ഡി.എഫ് വിജയിച്ചു. പാര്‍ട്ടി വോട്ടുകള്‍ പോറലേല്‍ക്കാതെ ജയരാജന് ലഭിച്ചില്ലെന്ന് മാത്രമല്ല ന്യൂനപക്ഷ വോട്ടുകളും നിശബ്ദ വോട്ടുകളും കൃത്യമായി കെ.മുരളീധരന് വിജയമൊരുക്കുകയും ചെയ്തു. 

കഴിഞ്ഞ തവണ മുല്ലപ്പള്ളി രാമചന്ദ്രന്‍ മണ്ഡലത്തില്‍ നേടിയ  3261 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ നിന്നാണ് കെ. മുരളീധരന്‍ 84000-ലധികം വോട്ടിന്റെ ലീഡിലേക്ക് ഉയര്‍ന്നത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഇരട്ടിയോളം വോട്ടിന്റെ വര്‍ധനവ്. മുല്ലപ്പള്ളിക്കെതിരേ കഴിഞ്ഞ തവണ മത്സരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എന്‍ ഷംസീര്‍ 413173 വോട്ടുകളാണ് നേടിയതെങ്കില്‍ ഇത്തവണ എല്‍.ജെ.ഡി പിന്തുണയുണ്ടായിട്ട് പോലും 438883 വോട്ടാണ് പി.ജയരാജന് അവസാന റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ നേടാനായത്. കഴിഞ്ഞ തവണത്തേക്കാള്‍ നേരിയ വര്‍ധനവ്. കഴിഞ്ഞതവണ 81.61 ശതമാനം വോട്ടില്‍ നിന്ന് 82.41 ശതമാനത്തിലേക്ക് വോട്ടിംഗ് ഉയര്‍ന്നിരുന്നു. പക്ഷെ ഈ ഉയര്‍ന്ന വോട്ടുകളും പുതിയ വോട്ടുകളുമൊന്നും ജയരാജനെ തുണച്ചില്ല എന്നതാണ് യഥാര്‍ഥ്യം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here