കുട്ടികളുമായി വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

0
252

(www.mediavisionnews.in)കുട്ടികളുമായി കാറില്‍ യാത്രമ്പോള്‍ അവരെ മടിയില്‍ ഇരുത്തുകയാണ് ഏറെപ്പേരും ചെയ്യുക. എന്നാല്‍ ഈ യാത്ര എത്രത്തോളം സുരക്ഷിതമാണെന്ന് ചിന്തിച്ചിട്ടുണ്ടോ. ഈ യാത്ര ഒട്ടും സുരക്ഷിതമല്ല. അതിന് ഒടുവിലത്തെ ഉദാഹരണമാണ് പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിനും കുടുംബത്തിനും സംഭവിച്ച അപകടം. രക്ഷിതാക്കളുടെ മടിയിലോ കൈയിലോ ഇരിക്കുന്ന കുട്ടികള്‍ക്ക് അപകടങ്ങളില്‍ ജീവഹാനി സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യത്തില്‍ അപകടത്തിന്റെ ആഘാതത്തില്‍ കുട്ടികള്‍ തെറിച്ച് പുറത്തേക്ക് വീഴാനോ വാഹനത്തിന്റെ ഉള്‍വശത്ത് തട്ടി ഗുരുതര പരിക്കേല്‍ക്കാനോ സാധ്യത കൂടുതലാണ്

കുട്ടികളുമായി കാറില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

* കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തരുത് 
എയര്‍ബാഗുള്ള വാഹനങ്ങളില്‍ കുട്ടികളെ മുന്നില്‍ നിന്ന് ഒഴിവാക്കുകയാണ് ഉത്തമം. തുറന്നു വരുന്ന എയര്‍ബാഗിന്റെ ആഘാതം കുട്ടികള്‍ക്ക് താങ്ങാനാവില്ല എന്നതാണ് അതിന് കാരണം. വിടരുന്ന എയര്‍ബാഗും യാത്രക്കാരനും തമ്മില്‍ സുരക്ഷിത അകലമുണ്ടാകണം. മണിക്കൂറില്‍ 250 കിലോമീറ്ററിലേറെ വേഗത്തില്‍ മുഖത്തു വന്ന് എയര്‍ബാഗ് ഇടിക്കാനുള്ള സാധ്യതയുണ്ട്. ഈ ആഘാതം താങ്ങാന്‍ കുട്ടികള്‍ക്ക് കഴിയില്ല. എയര്‍ബാഗിനും സീറ്റില്‍ ഇരിക്കുന്നയാള്‍ക്കും ഇടയിലായി കുട്ടി ഞെരിഞ്ഞമരും.

* കുട്ടികളെ മടിയിലിരുത്തി യാത്ര വേണ്ട
കുട്ടികളെ മടിയിലിരുത്തുന്നതും അവരുടെ സുരക്ഷയ്ക്ക് ഹാനികരമാകാം. മടിയിലോ കയ്യിലോ ഇരിക്കുമ്പോള്‍ ശക്തമായി ബ്രേക്കിടുമ്പോള്‍ പോലും കുട്ടികള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ സംഭവിക്കാം. അപകടത്തിന്റെ ആഘാതത്തില്‍ കുട്ടികള്‍ തെറിച്ച് പുറത്തേക്ക് വീഴാനും സാധ്യത കൂടുതലാണ്.

* വാഹനങ്ങളില്‍ ചൈല്‍ഡ് സീറ്റ് ക്രമീകരിക്കുക
പുതിയ വാഹനങ്ങളെല്ലാം കുട്ടികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നവയാണ്. എന്നാലും പിന്‍സീറ്റില്‍ ചൈല്‍ഡ് സീറ്റ് ഘടിപ്പിച്ച് സീറ്റ് ബെല്‍ട്ട് ഇട്ടതിനു ശേഷമുള്ള യാത്ര കൂടുതല്‍ സുരക്ഷ നല്‍കും. വിദേശരാജ്യങ്ങളില്‍ ചൈല്‍ഡ് സീറ്റുകള്‍ നിര്‍ബന്ധമാണ്. നിയമം ബാധകമല്ലെങ്കിലും നമ്മുടെ വിപണിയിലും ചൈല്‍ഡ് സീറ്റുകള്‍ സുലഭമാണ്. രണ്ടായിരം രൂപയ്ക്കു മുതല്‍ ലഭിക്കും. ഇവയില്‍ നിന്ന് കുട്ടി തെറിച്ചു പോകാതിരിക്കാന്‍ ബെല്‍റ്റും ഉണ്ടാകും. 10 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ സീറ്റുകളും ലഭ്യമാണ്. ബൂസ്റ്റര്‍ സീറ്റുകള്‍ക്ക് കാറിന്റെ സീറ്റ് ബെല്‍റ്റുകള്‍ പാകമായിരിക്കും. പിന്‍സീറ്റില്‍ ഇസോഫിക്‌സ് ചൈല്‍ഡ് പിറ്റ് സഹിതമുള്ള വാഹനങ്ങളും ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാണ്.

* ചൈല്‍ഡ് സീറ്റ് ഡ്രൈവറിന് പിന്നില്‍ വേണ്ട
പിന്‍സീറ്റില്‍ ഡ്രൈവര്‍ക്കു പുറകിലായി ചൈല്‍ഡ് സീറ്റ് ഘടിപ്പിക്കുന്നതിലും സുരക്ഷിതം മുന്‍ സീറ്റിലുള്ള യാത്രക്കാരന്റെ പിന്‍വശത്തായി വരുന്ന ഇടത് ചൈല്‍ഡ് സീറ്റ് ഘടിപ്പിക്കുന്നതാണ്. ഏഴ് സീറ്റുള്ള വാഹനങ്ങളില്‍ മധ്യനിര സീറ്റും കാറുകളില്‍ പിന്‍വശത്തെ സീറ്റുമാണ് ചൈല്‍ഡ് സീറ്റുകള്‍ ഘടിപ്പിക്കാന്‍ സുരക്ഷിതം. വളരെ ചെറിയ കുട്ടികളാണെങ്കില്‍ പിന്നിലേക്ക് തിരിച്ച് ചൈല്‍ഡ് സീറ്റുകള്‍ ഘടിപ്പിക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം. മുന്‍വശത്തെ ഗ്ലാസ്, റിയര്‍വ്യൂ മിറര്‍, കണ്‍സോളുകള്‍ എന്നിവ ഇടിയുടെ ആഘാതത്തില്‍ പൊട്ടാറുണ്ട്. ഇവ കുട്ടികളുടെ ദേഹത്തേക്ക് വീഴുന്നത് ഒഴിവാക്കാനാകും.

ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കുട്ടികള്‍ പിന്‍സീറ്റ് യാത്രക്കാരാകുമ്പോള്‍ ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. സുരക്ഷാസംവിധാനമില്ലാതെ പന്ത്രണ്ടു വയസ്സു വരെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളില്‍ കൊണ്ടുപോകുന്നത് നിയമലംഘനമാണെന്നറിയുക. ഇരുചക്രവാഹനങ്ങളില്‍ കുട്ടികളെ മുന്നിലിരുത്തി യാത്രചെയ്യുന്നത് കൂടുതല്‍ അപകടകരമാണ്. ഇതിലെല്ലാം ഉപരിയായി കുടുംബത്തിന്റെ സുരക്ഷയും കുട്ടികളുടെ സുരക്ഷയും കണക്കിലെടുത്ത് അലസത വെടിഞ്ഞ് റോഡ് നിയമങ്ങള്‍ പാലിച്ച് സുരക്ഷിതമായി വാഹനമോടിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here