തമാശയായി മലയാളി കരുതിയ പഴത്തിന് ‘പൊന്നുംവില’

0
362

കൊല്ലം(www.mediavisionnews.in): കേരളത്തിലെ പറമ്പുകളില്‍ നാം ശ്രദ്ധിക്കാതെയോ തമാശയായോ കാണുന്ന ഒരു കാട്ടുചെടി പഴത്തിന് വന്‍വില. ഒരു തേങ്ങയ്ക്കുള്ളതിനേക്കാള്‍ വിലയുണ്ടെന്നത് അതിശയകരമായ കാര്യമല്ല. തെക്കന്‍ കേരളത്തില്‍ ഞൊട്ടാഞൊടിയൻ എന്ന് വിളിക്കുന്ന കാട്ട് ചെടിപഴത്തിന് കേരളത്തില്‍ തന്നെ വിവിധ പേരുകളാണ്. മൊട്ടാബ്ലി, മുട്ടാംബ്ളിങ്ങ,ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഈ പഴത്തിന്‍റെ ശാസ്ത്രീയ നാമം ഫൈസിലിസ് മിനിമ എന്നാണ്. ഇംഗ്ലീഷില്‍ ഗോൾഡൻബെറി എന്നാണ് ഇതിനെ വിളിക്കുന്നത്.

നാട്ടിൻപുറങ്ങളിലെ സാധാരണമാണ് ഈ ചെടി. ഈ ചെടി അടർത്തിയെടുത്ത് നെറ്റിയിൽ ഇടിച്ച് പൊട്ടിച്ച് ശബ്ദമുണ്ടാക്കുന്നത് ഒരു തലമുറയുടെ ഗൃഹാതുരത്വമാണ്. പാഴ്ചെടികളുടെ പട്ടികയിൽ മലയാളി പെടുത്തിയ ഈ ചെടിയുടെ പഴത്തിന് ഒന്നിന് 17 രൂപയാണ് വില. യു.എ.ഇയിൽ 10 എണ്ണത്തിന്റെ ഒരു പാക്കറ്റിന് ഒമ്പത് ദിർഹമാണ് വില. എന്നാൽ, ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതൽ വൃക്കരോഗത്തിനും മൂത്രതടസത്തിനും വരെ ഈ പഴം ഉത്തമമാണ് എന്നാണ് പറയുന്നത്. അതിനാല്‍ തന്നെ കായികതാരങ്ങള്‍ ഹെല്‍ത്ത് സപ്ലിമെന്‍റായി ഇത് ഉപയോഗിക്കുന്നു.

മഴക്കാലത്താണ് ഈ ചെടി മുളയ്ക്കുന്നതും പൂക്കുന്നതും കായ്ക്കുന്നതും. ഇതിന്‍റെ പച്ച കയയ്ക്ക് ചവര്‍പ്പാണ്. പഴുത്താൽ പുളി കലർന്ന മധുരമുള്ള രുചിയായിരിക്കും ഇതിന്. വേനല്‍ കാലത്ത് പൊതുവെ ഇതിന്‍റെ ചെടി കരിഞ്ഞ് പോകും. മലയാളികളിൽ ഭൂരിപക്ഷത്തിനും ഇതിന്‍റെ സാമ്പത്തിക ഔഷധ പ്രധാന്യം ഇപ്പോഴും അജ്ഞാതമാണ്. എന്നാല്‍ ഇതിന്‍റെ കൂടിയ വില പുതിയ സാധ്യതകളാണ് കര്‍ഷകര്‍ക്കും മറ്റും മുന്നില്‍ തുറന്നിടുന്നത്.

ഈ ചെടിയുടെ ഉപയോഗം ആയുർവേദത്തിൽ വ്യക്തമായി പറയുന്നുണ്ട്. പുരാതന കാലം മുതൽ ഔഷധ നിർമ്മാണത്തിന് ഇത് ഉപയോഗിക്കുന്നുണ്ട്. കർക്കടക കഞ്ഞിക്കും ഇത് ഉപയോഗിക്കാറുണ്ട്. കുട്ടികളിലെ ത്വഗ്രോഗങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ഔഷധമാണിതെന്നാണ് ആയുര്‍വേദം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here