മിഴിയഴകിനു മസ്‌കാര നിര്‍ബന്ധം തന്നെ; പക്ഷെ ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണം

0
306

കൊച്ചി (www.mediavisionnews.in): ഒരു മോയ്‌സ്ചറൈസര്‍, കണ്ണില്‍ കുറച്ച് മസ്‌കാര, ഇത്തിരി കണ്‍മഷി, അല്പം ലിപ് സ്റ്റിക്ക്. ഒട്ടുമിക്ക പെണ്‍കുട്ടികളുടെയും മേക്കപ്പ് കിറ്റില്‍ ഉണ്ടാവുന്ന സാധനങ്ങളാണ് ഇതെല്ലാം. ചര്‍മ്മത്തിന്റെ സൗന്ദര്യത്തിനും, ചുണ്ടുകളുടെ സൗന്ദര്യത്തിനും കോസ്‌മെറ്റിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിന്റെ അഴക് വര്‍ധിപ്പിക്കാനാണ് എല്ലാവരും മസ്‌കാരയും കണ്‍മഷിയുമെല്ലാം ഉപയോഗിക്കുന്നത്. പെണ്ണിന്റെ അഴക് വര്‍ധിപ്പിക്കാന്‍ ഇതെല്ലാം സഹായിക്കുമെങ്കിലും ഇതിലൊക്കെ അടങ്ങിയിരിക്കുന്ന കെമിക്കലുകളാണ് പലപ്പോഴും സൗന്ദര്യത്തിന്റെ നിറം കെടുത്തുന്നത്.

മുഖത്തു മേക്കപ്പ് ചെയ്യാന്‍ ഇഷ്ടമില്ലാത്ത സ്ത്രീകള്‍ വരെ കണ്ണിന്റെ അഴകിനു എന്തെങ്കിലുമൊക്കെ ചെയ്യാറുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമാണ് മസ്‌കാര. ഒരുക്കം ഒന്നുമില്ലെങ്കിലും കണ്ണിന്റെ അഴകാണ് ഒരു സ്ത്രീയുടെ മുഖത്തെ ഏറ്റവും വലിയ സൗന്ദര്യം എന്ന് പറയാറുണ്ട്. മുഖത്തു പ്രകടമായ മാറ്റം വരുത്താന്‍ സഹായിക്കുന്ന വസ്തുവാണ് മസ്‌കാര. കണ്ണിന്റെ സ്വാഭാവികഭംഗിയും അഴകും ഒരുപടി മുന്നില്‍ നിര്‍ത്തും ഈ മസ്‌കാര. എന്നാല്‍ ഈ മസ്‌കാരയുടെ ഉപയോഗത്തില്‍ നമ്മള്‍ അറിയാതെ പോകുന്ന ചില സംഗതികള്‍ ഉണ്ട്.

അടുത്തിടെ ഓസ്‌ട്രേലിയയില്‍ ഒരു മധ്യവയസ്‌ക നാളുകളായി തന്റെ കണ്ണില്‍ അനുഭവപ്പെടുന്ന അസ്വസ്ഥതയെ കുറിച്ചു പരാതിയുമായി ഒരു ഡോക്ടറെ സമീപിച്ചിരുന്നു. എന്നാല്‍ ഇവരെ പരിശോധിച്ച ഡോക്ടര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയെന്നു പറഞ്ഞാല്‍ മതി. വര്‍ഷങ്ങളായി മേക്കപ്പ് ഉപയോഗിച്ച ശേഷം കണ്ണുകള്‍ ശരിയായി വൃത്തിയാക്കുന്ന ശീലം ഇല്ലാതിരുന്ന ഇവരുടെ കണ്‍പോളകളില്‍ കറ പോലെ കറുത്ത കുത്തുകള്‍ വീണിരിക്കുകയായിരുന്നു. താന്‍ 25 വര്‍ഷമായി മസ്‌കാര സ്ഥിരം ഉപയോഗിക്കുമായിരുന്നു എന്നും എന്നാല്‍ ഇത് വേണ്ട പോലെ വൃത്തിയാക്കാന്‍ മടിയായിരുന്നു എന്നും പിന്നീട് ഇവര്‍ വ്യക്തമാക്കിയിരുന്നു. വര്‍ഷങ്ങളായി അടിഞ്ഞു കൂടിയ ഇതിന്റെ അംശമായിരുന്നു ഇവരുടെ പ്രശ്‌നം. മണിക്കൂറുകള്‍ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് പിന്നീടു ഇവരുടെ കണ്ണിലെ ഈ അഴുക്ക് നീക്കം ചെയ്തത്.

മസ്‌കാര ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ

കണ്ണുകള്‍ക്ക് വലിപ്പം തോന്നിപ്പിക്കാനും കണ്‍പീലികള്‍ കൂടുതല്‍ കറുപ്പുള്ളതാക്കാനും മസ്‌കാര സഹായിക്കും എന്നാല്‍ ഇത് കണ്ണില്‍ പോകാതെ പരമാവധി സൂക്ഷിക്കണം. അതുപോലെ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ മസ്‌കാര ബ്രഷ് ലെന്‍സില്‍ കൊള്ളാതെ സൂക്ഷിക്കണം.

മാര്‍ക്കറ്റില്‍ കിട്ടുന്ന വിലകുറഞ്ഞ മസ്‌കാര ദയവു ചെയ്തു ഉപയോഗിക്കാതിരിക്കുക. പണം ലാഭിക്കാം എന്നല്ലാതെ ഇത് കൊണ്ട് ഒരു ഉപകാരവുമില്ല. പകരം കിട്ടുന്നത് രോഗങ്ങള്‍ ആകാം. അതിനാല്‍ നല്ല ഇനം മസ്‌കാര തന്നെ തിരഞ്ഞെടുക്കുക.

നാല് മാസത്തില്‍ കൂടുതല്‍ എത്ര കൂടിയ മസ്‌കാര ആയാലും ഉപയോഗിക്കാതിരിക്കുക. അതുപോലെ ദിവസവും ഉപയോഗം ഇല്ലെങ്കില്‍ ചെറിയ കുപ്പി മസ്‌കാര വാങ്ങുക. കണ്ണിനടിയില്‍ ഒരു ടിഷ്യൂ വെച്ച ശേഷം വേണം മസ്‌കാര ഉപയോഗിക്കാന്‍.

ഇന്നത്തെ കാലത്തെ ഏറ്റവും വലിയ ട്രെന്‍ഡ് വാട്ടര്‍ പ്രൂഫ് മസ്‌കാരയാണ്. ദീര്‍ഘനേരം നിലനില്‍ക്കും എന്നതിനാല്‍ ഇത് ഉപയോഗിക്കുന്നവര്‍ ഒരു ഐ മേക്കപ്പ് റിമൂവര്‍ കൂടി കരുതുക. ഇത് ഇല്ലെങ്കില്‍ നല്ല വെളിച്ചെണ്ണ ഉപയോഗിച്ചു കണ്ണുകള്‍ തുടച്ച ശേഷം ഒരു ടിഷ്യൂ കൊണ്ട് മൃദുവായി തുടച്ചു കളയാം. എത്രയൊക്കെ തിരക്കാണെങ്കിലും ഒരു കാരണവശാലും മേക്കപ്പ് അത് മുഖത്തായാലും കണ്ണില്‍ ആയാലും അതുമായി ഉറങ്ങാന്‍ പോകാതിരികുക.

LEAVE A REPLY

Please enter your comment!
Please enter your name here