ഫുട്ബോള്‍ ലോകകപ്പിന് റഷ്യയില്‍ നാളെ തുടക്കം

0
262

(www.mediavisionnews.in) ഫുട്ബോള്‍ ലോകകപ്പിന്‍റെ 21 -ാം പതിപ്പിന് നാളെ റഷ്യയില്‍ തുടക്കം. രാത്രി 8.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ, സൌദി അറേബ്യയെ നേരിടും. ജൂലൈ 15 നാണ് ഫൈനല്‍.

ലോകഫുട്ബോളിന്‍റെ ഏറ്റവും മഹത്തായ വേദി ഉണരാന്‍ ഇനി ഒരു ദിവസത്തിന്‍റെ മാത്രം അകലം. നാല് വര്‍ഷം മുമ്ബ് മാരക്കാനയില്‍ തകര്‍ന്ന ഹൃദയത്തോടെ നിന്ന ലിയൊണല്‍ മെസി, അതിനും 5 ദിവസം മുമ്ബ് ബൊലേ ഹൊറിസോണ്ടയിലെ ദേശീയ ദുരന്തം നിറകണ്ണുകളോടെ കണ്ട നെയ്മര്‍, 90കളിലെ സച്ചിനെ പോലെ ഒരു ടീമിനെ ഒറ്റക്ക് ചുമലിലേറ്റുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്ബോള്‍ ടീം ഗെയിമാണെന്ന് തെളിയിക്കുന്ന ജര്‍മനി. ആഹ്ലാദത്തിന്‍റെയും കണ്ണീരിന്‍റെയും ആവേശത്തിന്‍റെയും നിരാശയുടെയും നിമിഷങ്ങളിലൂടെ ലോകം സഞ്ചരിക്കുന്ന 31 ദിനരാത്രങ്ങള്‍ക്ക് തുടക്കമാവുകയാണ്.

88 വര്‍ഷം മുമ്ബ് ഉറുഗ്വേയില്‍ തുടങ്ങിയ ഈ ഉത്സവം 4 കൊല്ലത്തിലൊരിക്കല്‍ നടക്കുമ്ബോള്‍, നോക്കും നടപ്പും വിചാരവുമൊക്കെ ഇവിടേക്ക് മാത്രമായി ചുരുങ്ങുന്നു. കിരീട പ്രതീക്ഷയുമായെത്തുന്ന ജര്‍മനിയും ബ്രസീലും അര്‍ജന്‍റീനയും സ്പെയിനും മുതല്‍ പങ്കാളിത്തം പോലും വിദൂര സ്വപ്നമായ നമ്മുടെ ഇന്ത്യയില്‍ വരെ കാല്‍പ്പന്താരവത്തിന്‍റെ അലയൊലികള്‍ മറ്റെന്തിനും മീതെ ഉയര്‍ന്നു കേള്‍ക്കുന്ന നാളുകള്‍.

കണക്കുകള്‍ക്കും താരമൂല്യത്തിനും പ്രവചനങ്ങള്‍ക്കുമപ്പുറം കളത്തില്‍ മികവ് കാട്ടേണ്ട 90 മിനിറ്റ്. അങ്ങനെ പ്രതീക്ഷയുടെയും സങ്കടത്തിന്‍റെയും ഭാഗ്യ നിര്‍ഭാഗ്യങ്ങളുടെയും 64 മത്സരങ്ങള്‍ക്കൊടുവില്‍ ജൂലൈ 15ന് ലുഷ്നികി സ്റ്റേഡിയത്തിലെ ആര്‍ത്തലക്കുന്ന ഗാലറികള്‍ക്കിടയിലെ മൈതാന മധ്യത്തില്‍ അങ്കം ജയിച്ച്‌ കിരീടവുമായി നില്‍ക്കുന്ന പടത്തലവന്‍ ആരാകും. അല്‍പം കൂടി കാത്തിരിക്കാം. റഷ്യ, ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന ഏറ്റവും വലിയ കാര്‍ണിവലിനായി.

LEAVE A REPLY

Please enter your comment!
Please enter your name here