ഒരുകാലത്ത് ബാറ്റ്സ്മാന്മാരുടെ പേടി സ്വപ്നമായിരുന്നു ദക്ഷിണാഫ്രിക്കയുടെ അലൻ ഡൊണാൾഡ് എന്ന ഫാസ്റ്റ് ബൗളർ. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന് അദ്ദേഹത്തിൻ്റെ വേഗത, രണ്ടാമതായി എതിരാളികളെ ഭയപ്പെടുത്തുന്ന നോട്ടവും ഇടയ്ക്കിടെയുള്ള വായ്മൊഴികളും. ഒരിക്കൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റനും നിലവിലെ മുഖ്യ പരിശീലകനുമായ രാഹുൽ ദ്രാവിഡിനോട് അദ്ദേഹം മോശമായി പെരുമാറിയിരുന്നു.
25 വർഷത്തിന് ശേഷം ദ്രാവിഡിനോട് പരസ്യമായി മാപ്പ് പറഞ്ഞ് ക്ഷമാപണം നടത്തിയിരിക്കുകയാണ് നിലവിലെ ബംഗ്ലാദേശിന്റെ ബൗളിംഗ് കോച്ചായ ഡൊണാൾഡ്. ഇരുവരും ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ചാറ്റോഗ്രാമിലാണ്, ഇതിനിടെയായിരുന്നു ക്ഷമാപണം. 1997-ൽ ഡർബനിൽ നടന്ന ഏകദിനത്തിനിടെ ദ്രാവിഡിനെ അതിരുകടന്ന് സ്ലെഡ്ജ് ചെയ്തതായി സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ ഡൊണാൾഡ് പറഞ്ഞു. കൂടാതെ അത്താഴത്തിന് ക്ഷണിക്കുകയും ചെയ്തു.
“ഞാൻ സംസാരിക്കാൻ ആഗ്രഹിക്കാത്ത ഒരു സംഭവമാണ് ഡർബനിൽ ഉണ്ടായത്. അദ്ദേഹവും(രാഹുൽ ദ്രാവിഡും) സച്ചിനും ഞങ്ങളെ നിലം തൊടാൻ അനുവദിക്കാതെ പ്രഹരിച്ചുകൊണ്ടിരുന്നു. പെട്ടന്നുള്ള കോപത്തിൽ അവരോട് അതിരുവിട്ട് പെരുമാറി. രാഹുലിനെ പുറത്താക്കാൻ ഈ മണ്ടത്തരം എനിക്ക് ചെയ്യേണ്ടിവന്നു. എനിക്ക് അദ്ദേഹത്തോട് വലിയ ബഹുമാനമല്ലാതെ മറ്റൊന്നുമില്ല. രാഹുലിനൊപ്പം അത്താഴം കഴിക്കാനും അന്ന് സംഭവിച്ചതിൽ അദ്ദേഹത്തോട് ക്ഷമ ചോദിക്കാനും ഞാൻ ആഗ്രഹിക്കുന്നു.”- അലൻ ഡൊണാൾഡ് പറഞ്ഞു.
മറ്റൊരു അഭിമുഖത്തിൽ ഡൊണാൾഡിന്റെ സന്ദേശത്തോട് ദ്രാവിഡ് പ്രതികരിച്ചിരുന്നു. “തീർച്ചയായും, ഞാൻ അതിനായി കാത്തിരിക്കുന്നു, പ്രത്യേകിച്ചും അദ്ദേഹം ബില്ല് നൽകുകയാണെങ്കിൽ”-ഡൊണാൾഡിന്റെ ക്ഷണത്തോട് രാഹുലിൻ്റെ ക്ലാസിക് മറുപടി.