കാസർകോട്: ജില്ലയിൽ എട്ട് റെയിൽ മേൽപ്പാലം നിർമിക്കാൻ കിഫ്ബി 285.51 കോടിയുടെ പ്രാഥമികാനുമതി നൽകിയിട്ടുണ്ടെന്ന് സംസ്ഥാന റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു.
ജില്ലയിൽ എത്ര മേൽപാലങ്ങൾക്ക് കിഫ്ബി അനുമതി നൽകിയിട്ടുണ്ടെന്ന സി എച്ച് കുഞ്ഞമ്പുവിന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.
മഞ്ചേശ്വരം റെയിൽവേ മേൽപ്പാലം- 40.4 കോടി, ഹൊസങ്കടി: 40.64 കോടി, ഉദുമ: 36.56 കോടി, കോട്ടിക്കുളം: 20 കോടി, ബീരിച്ചേരി: 28.23 കോടി, കുശാൽ നഗർ: 34.71 കോടി, തൃക്കരിപ്പൂർ: -53.09 കോടി, ചെറുവത്തൂർ- പടന്ന-ഇടച്ചക്കെ റോഡ് റെയിൽവേ മേൽപ്പാലം:- 32.24 കോടി.
എല്ലാ മേൽപ്പാലങ്ങളുടെയും നിർമാണച്ചുമതല റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷനാണ്. കിഫ്ബി അനുവദിച്ച എല്ലാ മേൽപ്പാലങ്ങളും റെയിൽവേയുടെ അനുമതിക്കായി കാത്തിരിക്കുകയുമാണ്. റെയിൽവേയുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് റെയിൽ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ യോഗം വിളിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.