ചെങ്ങന്നൂർ: മുൻ മന്ത്രി സജി ചെറിയാനെ പാർട്ടി പ്രവർത്തകർ ജൻമനാട്ടിൽ സ്വീകരിച്ചു. മന്ത്രിസ്ഥാനം രാജിവച്ച് വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സജി ചെറിയാൻ ചെങ്ങന്നൂരിലെ കുടുംബവീട്ടിലെത്തിയത്. കാത്തുനിന്ന പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ അഭിവാദ്യം ചെയ്തു.
വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ചെങ്ങന്നൂരിൽ നടത്താനിരുന്ന ഔദ്യോഗിക സ്വീകരണം സി.പി.എം റദ്ദാക്കിയിരുന്നു. മഴയെ തുടർന്നാണ് പരിപാടി നിർത്തിവച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം.
പാർട്ടിയും സർക്കാരും സ്വീകരിച്ച നിലപാടിനെ പിന്തുണച്ചാണ് രാജിയെന്ന് സജി ചെറിയാൻ ചെങ്ങന്നൂരിൽ പറഞ്ഞു. സഖാക്കൾ കാണിച്ച സ്നേഹത്തിന് നന്ദി. ഈ രാജ്യത്ത് സി.പി.എമ്മിന്‍റെ ഒരു സാധാരണ പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.