മഴ; കാസർകോട് ജില്ലയിലും ദേവികുളം താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

0
121

കാസർകോട്: മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഴ തുടരുകയും ജില്ലയിലെ നദികളും മറ്റ് ജലാശയങ്ങളും കരകവിഞ്ഞൊഴുകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.

അവധി കാരണം നഷ്ടപ്പെട്ട പഠന സമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പറഞ്ഞു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിലും ഇന്‍റർവ്യൂവിലും മാറ്റമുണ്ടാകില്ല. കാസർകോട് ജില്ലയിൽ വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിൽ അതിശക്തമഴയും (119.5 മില്ലിമീറ്റർ) മറ്റ് താലൂക്കുകളിൽ ശക്തമായ മഴയുമാണ് രേഖപ്പെടുത്തിയത്.

ഇടുക്കിയിലെ ദേവികുളം താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. പരീക്ഷകളിലും ഇന്‍റർവ്യൂവിലും മാറ്റമില്ല.