424 പവനും 2.97 കോടി രൂപയും ഭാര്യയ്ക്ക് തിരിച്ചുനൽകാൻ വിധി; ചെലവിന് പ്രതിമാസം 70,000 രൂപയും

0
378

ഇരിങ്ങാലക്കുട: 424 പവൻ സ്വർണാഭരണങ്ങളും 2,97,85,000 രൂപയും പ്രതിമാസം ചെലവിന് 70,000 രൂപയും ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും ഭാര്യയ്ക്ക് ലഭിക്കാൻ അവകാശമുണ്ടെന്ന് ഇരിങ്ങാലക്കുട കുടുംബകോടതി വിധിച്ചു. ഇരിങ്ങാലക്കുട കണ്‌ഠേശ്വരം സ്വദേശി ജനാർദനൻ നായരുടെ മകൾ ശ്രുതി ഭർത്താവ് കോഴിക്കോട് കോട്ടുളി സ്വദേശി മേപറമ്പത്ത് ഡോ. ശ്രീതു, ഭർതൃപിതാവ് ഗോപി, മാതാവ് മല്ലിക, സഹോദരൻ ശ്രുതി ഗോപി, സഹോദരഭാര്യ ശ്രീദേവി എന്നിവർക്കെതിരേ ഇരിങ്ങാലക്കുട കുടുംബകോടതിയിൽ നൽകിയ ഹർജിയിലാണ് ജഡ്‌ജ്‌ എസ്.എസ്. സീനയുടെ ഉത്തരവ്.

ഭർത്താവ് വിദ്യാഭ്യാസച്ചെലവിനും വീട്‌ വാങ്ങുന്നതിനും വാഹനം വാങ്ങുന്നതിനും ഭാര്യവീട്ടിൽനിന്നു കൈപ്പറ്റിയ സംഖ്യ അടക്കമാണ് 2,97,85,000 രൂപ.

2012 മേയ് 11-നാണ് ശ്രുതിയെ ഡോ. ശ്രീതു ഗോപി വിവാഹം ചെയ്തത്. 2014-ൽ മകൻ ജനിച്ചു. വിവാഹം നിശ്ചയിച്ച നാൾമുതൽ ഭർതൃവീട്ടുകാർ പണം ആവശ്യപ്പെടുക പതിവായിരുന്നെന്നും വിവാഹനിശ്ചയശേഷം എൻ.ആർ.ഐ. ക്വാട്ടയിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എം.ഡി. കോഴ്‌സിനുവേണ്ടി 1.11 കോടി രൂപ ഭാര്യവീട്ടുകാരോട് ആവശ്യപ്പെട്ട് വാങ്ങിയെന്നും പിന്നീട് കല്യാണച്ചെലവിലേക്കും വീട് വെയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നും വിവാഹശേഷം ഭർത്താവിൽനിന്നും വീട്ടുകാരിൽനിന്നും കടുത്ത ശാരീരിക മാനസിക പീഡനങ്ങൾ ഉണ്ടായെന്നും കാണിച്ചാണ് ശ്രുതി ഇരിങ്ങാലക്കുട കുടുംബകോടതിയെ സമീപിച്ചത്. വിചാരണസമയത്ത് ശ്രുതി കോടതിയിൽ ഹാജരാക്കിയ തെളിവുകളുടെയും സാക്ഷിമൊഴിയുടെയും അടിസ്ഥാനത്തിലാണ് ഭാര്യയ്ക്ക് അനുകൂലമായി കുടുംബകോടതി വിധി പ്രഖ്യാപിച്ചത്.

ഭർത്താവ് മകന്റെ സ്ഥിരം കസ്റ്റഡി ആവശ്യപ്പെട്ട് ബോധിപ്പിച്ച ഹർജി കോടതി തള്ളി ഉത്തരവായി. ഹർജിക്കാരിക്കുവേണ്ടി അഡ്വക്കേറ്റുമാരായ ബെന്നി എം. കാളൻ, എ.സി. മോഹനകൃഷ്ണൻ, കെ.എം. ഷുക്കൂർ എന്നിവർ ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here