ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ക്കെതിരായ സോളാര്‍ പീഡന കേസുകൾ സിബിഐക്ക് വിട്ടു

0
253

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ കോളിളക്കമുണ്ടാക്കിയ സോളാര്‍ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ടു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നേതാക്കളായ കെ.സി. വേണുഗോപാല്‍, എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ക്കെതിരെയുള്ള കേസുകളുടെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്.

അടുത്തിടെ പരാതിക്കാരി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ നയപരമായ തീരുമാനം എടുത്തു. വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. സര്‍ക്കാരിന്റെ ശുപാര്‍ശ ഉടന്‍ കേന്ദ്രത്തിന് അയയ്ക്കും.

2018 ഒക്ടോബറിലാണ് ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കെതിരെ സോളാര്‍ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തത്. തുടര്‍ന്ന് മുന്‍ മന്ത്രിമാരായ എ.പി. അനില്‍കുമാര്‍, അടൂര്‍ പ്രകാശ്, അനില്‍ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവര്‍ക്കെതിരെയും പീഡനക്കേസ് ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎല്‍എ ഹോസ്റ്റലിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി.

നിലവില്‍ ആറ് കേസുകളും പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചുവരുന്നുണ്ട്. പീഡനക്കേസുകള്‍ സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ജനുവരി 20ന് ആണ് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്.

നേരത്തെ തന്നെ സര്‍ക്കാര്‍ ഏജന്‍സികളുടെയും ജുഡീഷ്യല്‍ അന്വേഷണത്തിനും വിധേയമായതാണ് സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന ലൈംഗിക പീഡന പരാതികള്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് സര്‍ക്കാര്‍ ഇപ്പോഴത്തെ നിര്‍ണായകമായ നീക്കം നടത്തുന്നത്. വരും ദിവസങ്ങളില്‍ രാഷ്ട്രീയമായി വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിടുന്നതാണ് ഇപ്പോഴത്തെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here